വടക്കാഞ്ചേരി: രാമായണ മാസത്തിൽ ക്ഷേത്രങ്ങളിലെ ഇല്ലം നിറയിൽ ക്ഷാമമില്ലാതെ കതിർക്കറ്റകൾ എത്തിച്ച് കുന്നുംകുളം പഴുന്നാന ആലാട്ട് കുടുംബം. സംസ്ഥാനത്തെ സുപ്രസിദ്ധമായ ക്ഷേത്രങ്ങളിലേക്ക് ഇല്ലം നിറയ്ക്കുള്ള കതിരുകൾ നൽകുന്നത് ഈ കുടുംബമാണ്. ശബരിമല, ഗുരുവായൂർ, തിരുനാവായ,കോഴിക്കോട് തളി, വളയനാട് കാവ്, എന്നിവയോടൊപ്പം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലുമെത്തുന്നു കാർഷികവൃത്തിയിൽ ആറര പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപെടുന്ന ആലാട്ട് പെരുമ. കാരണവർ ആലാട്ട് വേലപ്പൻ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കതിർക്കറ്റകൾ നൽകിയാണ് തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഭൂമി പാട്ടത്തിനെടുത്താണ് കൃഷി. സഹോദരങ്ങളായ ബാബു, കൃഷ്ണൻകുട്ടി, രാജൻ ,ചന്ദ്രൻ എന്നിവരാണ് ഇപ്പോൾ കൃഷി ഏറ്റെടുത്ത് നടത്തുന്നത്. ഇത്തവണ മുണ്ടത്തിക്കോട് തെക്കുമുറി പാടശേഖരത്തിലും കൃഷിയിറക്കി. 50 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു കൃഷി. ലഭിച്ചത് 100 മേനി വിളവാണ്. കൊയ്ത്തുത്സവം മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. മുണ്ടത്തിക്കോട് പാതിരി കോട്ടുകാവ് ക്ഷേത്ര കോമരം വാസുദേവൻ മാരാത്ത് ആദ്യ കതിർകറ്റ ഏറ്റുവാങ്ങി. പാടശേഖരസമിതി പ്രസിഡന്റ് ഇ.എം. സുബ്രഹ്മണ്യൻ, ഇ. ആർ കൃഷ്ണൻ,പി.സുജിത്ത് , വി.ഐ.ശ്വേത, പി.ശ്രീദേവി,കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകരെ ആദരിച്ചു.

പടം മുണ്ടത്തിക്കോട് തെക്കുമുറി പാടശേഖരത്തിൽ നടന്ന കതിർ കറ്റക്കൃഷിയുടെ കൊയ്ത്തുത്സവം മുൻ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു

ക്ഷേത്രം പോലെ വയൽ


വിഷുവിന് ശേഷമാണ് വിത്തിടൽ. പിന്നീട് ഇവർക്ക് വയൽ ക്ഷേത്രം പോലെയാണ്. കൊയ്ത്തു തീരും വരെ വൃതം എടുത്താണ് കൃഷിപരിചരണം. വെണ്ണീറും ചാണകവും മാത്രമാണ് വളം. 90 ദിവസത്തിനുള്ളിൽ കൊയ്‌തെടുക്കും.