വടക്കാഞ്ചേരി : സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന 24 ഇൻഡോർ സ്റ്റേഡിയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. മിണാലൂർ ഇൻഡോർ സ്റ്റേഡിയം നവീകരണം-വടക്കാഞ്ചേരി ഗവ:ബോയ്‌സ് ഹൈസ്‌കൂൾ കളിസ്ഥലം നവീകരണം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കായിക മേഖലയെ സാമ്പത്തിക മേഖലയായി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. കായിക ഉച്ചകോടി സംഘടിപ്പിച്ച് 5,000 കോടിയുടെ നിക്ഷേപ സാദ്ധ്യത കണ്ടെത്താനായി. കേരള ക്രിക്കറ്റ് അസോസിയേഷൻ 1,200 കോടിയുടെ നിക്ഷേപവും, കേരള ഫുട്ബാൾ അസോസിയേഷൻ 800 കോടിയുടെ നിക്ഷേപവും നടത്തി. കായിക മേഖലയിലേക്ക് വലിയ രീതിയിലുള്ള സ്വകാര്യ നിക്ഷേപമാണ് വരുന്നത്. മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനായി 2,000 കോടിയോളമാണ് ചെലവഴിച്ചത്. അടിസ്ഥാന സൗകര്യം വർദ്ധിപ്പിച്ച് സംസ്ഥാനത്തെ താരങ്ങളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ ഫിഫ നിലവാരത്തിലുള്ള ഇന്ത്യയിലെ ആദ്യ സ്റ്റേഡിയം 450 കോടിയോളം ചെലവഴിച്ച് മലപ്പുറത്ത് പണി ആരംഭിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, എം.ആർ.അനൂപ് കിഷോർ തുടങ്ങിയവർ സംസാരിച്ചു.
ബഹിഷ്‌കരിച്ച് കോൺഗ്രസ്
ഗ്രൗണ്ട് പുനരുദ്ധാരണത്തിനായി മുൻമന്ത്രി സി.എൻ.ബാലകൃഷ്ണൻ അനുവദിച്ച ഒരു കോടിയുടെ പദ്ധതിയെ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർക്കുകയായിരുന്നുവെന്ന് ആരോപിച്ച് വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് - മിണാലൂർ ഇൻഡോർ സ്റ്റേഡിയ നിർമ്മാണ ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്‌കരിച്ചു. ഗ്രൗണ്ടിന്റെ സ്ഥലം ഏതാനും പേർ കൈയേറിയിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു അന്നത്തെ പ്രതിഷേധം. ഇപ്പോൾ ഒരു അളവും നടത്താതെയാണ് നിർമ്മാണമെന്നും നേതാക്കളായ കെ.അജിത് കുമാർ, ജിജോ കുര്യൻ, പി.ജി.ജയ്ദീപ്, എസ്.എ.എ.ആസാദ്, പി.എൻ.വൈശാഖ്, സന്ധ്യ കൊടക്കാടത്ത്, ജിജി സാംസൺ തുടങ്ങിയവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.