ചേലക്കര: ആറ്റൂരിൽ റേഷൻ കട ലൈസൻസ് സസ്‌പെൻഡ് ചെയ്യാനെത്തിയ സപ്ലൈ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. ആറ്റൂർ മനപ്പടിയിൽ പ്രവർത്തിക്കുന്ന കെ.എം.അബ്ദുൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നോട്ടീസ് പതിക്കാനെത്തിയ റേഷൻ ഇൻസ്‌പെക്ടർ ബബിത, അസിസ്റ്റന്റ് ജയചന്ദ്രൻ എന്നിവരെയാണ് മൂന്നു മണിക്കൂറോളം തടഞ്ഞുവച്ചത്. കഴിഞ്ഞദിവസം ജില്ലാ സപ്ലൈ ഓഫീസർ ജയചന്ദ്രൻ,തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസർ മധുസൂദനൻ എന്നിവർ മഴക്കെടുതിയിൽ ധാന്യങ്ങൾ നശിച്ചതിനെക്കുറിച്ച് പരിശോധിക്കുന്നതിന്റെ ഭാഗമായി ഗഫൂറിന്റെ കടയിലും എത്തിയിരുന്നു. കടയിൽ പ്രളയത്തിൽ മുങ്ങിയ 34 അരി ചാക്കുകൾ കുഴിച്ചുമൂടിയിരുന്നു. റേഷൻ കടയോട് ചേർന്ന് ഗഫൂറിന്റെ തന്നെ ധാന്യങ്ങൾ പൊടിക്കുന്ന മില്ല് പ്രവർത്തിക്കുന്നെന്നും റേഷൻ കടയ്ക്ക് അനുവദിച്ച പണം റേഷൻ കട മെയിന്റൻസ് നടത്തിയില്ലെന്നും കാരണത്താൽ വ്യപാരിക്ക് നേട്ടീസ് നൽകിയിരുന്നു. ഇതിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് അറിയിച്ചാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ സപ്ലൈ ഓഫീസർമാർ എത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇവർ മടങ്ങി.
പ്രതികാര നടപടിയെന്ന്
തന്നോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ഇങ്ങനെ ഒരു നടപടി. ജില്ലാ സപ്ലൈ ഓഫീസർ ചെയ്ത അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ശക്തമായി സമരം നടത്തുകയും കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ഇന്നലെ നടന്നതെന്ന് ലൈസൻസി അബ്ദുൾ ഗഫൂറും തലപ്പിള്ളി താലൂക്ക് റേഷൻ വ്യാപാരി പ്രസിഡന്റ് കെ. സേതുമാധവനും ആരോപിച്ചു.