തൃശൂർ: സൗമ്യവും ദീപ്തവുമായ വ്യക്തിത്വമാണ് മാങ്ങാട് നടേശന്റേതെന്നും കർണാടക സംഗീത പാഠങ്ങൾ ലളിതമായി ആകാശവാണിയിലൂടെ ശ്രോതാക്കൾക്ക് പകർന്ന അദ്ദേഹം എക്കാലത്തെയും മികച്ച ഗുരുവാണെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിശ്രുത സംഗീതജ്ഞൻ ഗുരു മങ്ങാട് നടേശന് ശ്രദ്ധാഞ്ജലി അർപ്പിച്ച് കേരള സംഗീത നാടക അക്കാഡമി നടത്തിയ പാവനഗുരു സ്മൃതി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാനിരൂപകൻ ഡോ. ജോർജ് എസ്. പോൾ അനുസ്മരണ പ്രഭാഷണം നടത്തി. അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷനായി. ഡോ. പി.എൻ. പ്രകാശ്, ഡോ. കെ. ജയകൃഷ്ണൻ, പിന്നണി ഗായിക എൻ. ലതിക എന്നിവർ സംസാരിച്ചു. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും വൈസ് ചെയർമാൻ പി.ആർ. പുഷ്പവതി നന്ദിയും പറഞ്ഞു. മങ്ങാട് നടേശന്റെ ശിഷ്യർ ഒരുക്കിയ സംഗീതാർച്ചനയും അരങ്ങേറി. മങ്ങാട് നടേശൻ ശിഷ്യസംഘവുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.