തൃശൂർ: വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഭൂമിക്കടിയിൽ നിന്നുയർന്ന മുഴക്കത്തിലും ചിലയിടങ്ങളിൽ അനുഭവപ്പെട്ട ചെറുചലനങ്ങളിലും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദഗ്ദ്ധർ. മലയോരമേഖലകളിലും ഇടനാടുകളിലുമാണ് കേരളത്തിൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും തീരദേശത്തോട് ചേർന്ന ഭാഗങ്ങളിലും ഭൂചലനസാദ്ധ്യതയുള്ളതാണ്. വർഷങ്ങൾക്ക് മുൻപ് ചാവക്കാട് തീരദേശ മേഖലയിൽ നേരിയഭൂചലനങ്ങളുണ്ടായിട്ടുണ്ട്. ഭൗമോപരിതലത്തോട് ഏറ്റവും അടുത്തുള്ള പാളികളിലുണ്ടാകുന്ന സമ്മർദ്ദം കാരണമാണ് വീടുകൾക്ക് വിളളലുണ്ടാകുന്നതത്രെ. എന്നാൽ ഇത് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്താവുന്ന തീവ്രതയുള്ളതാകണമെന്നില്ല. ഭൂഗർഭ പാളികൾക്കിടയിലെ സമ്മർദം പുറത്തേക്ക് വരുമ്പോൾ ശബ്ദതരംഗമായി മാറാനും സാദ്ധ്യതയുണ്ട്. ഇതാകാം മുഴക്കമായി തോന്നുന്നത്. ഭ്രംശമേഖലകളിൽ ഭൂപാളികൾ തമ്മിൽ ചേർന്ന് സമ്മർദം സൃഷ്ടിക്കുന്നുണ്ട്.
കനത്തമഴക്കാലത്തിനു ശേഷം സാദ്ധ്യത കൂടും
കനത്ത മഴക്കാലത്തിനു ശേഷം വൻതോതിൽ വെള്ളം ഭൂമിയുടെ ഉള്ളിലേക്കു ചെല്ലുമ്പോൾ ഭ്രംശരേഖകൾക്കിടയിലുള്ള ഭാഗങ്ങളിലെ മണ്ണും ചെളിയും ദുർബലമാകും. ഇത് ചെറിയ തോതിലുള്ള തെന്നിമാറലുകളിലേക്ക് നയിക്കും. വലിയ ഭൂചലനങ്ങൾക്കു സാദ്ധ്യതയില്ലെങ്കിലും മലഞ്ചെരിവുകളിലും മറ്റും മഴയിലും മണ്ണിടിച്ചിലിലും ഇളകി നിൽക്കുന്ന ഭാഗങ്ങൾക്കോ പാറകൾക്കോ ഇളക്കം തട്ടും. അത് മലയോര മേഖലകളിലാകുമ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.
തൃശൂരിൽ പാറകൾ?
ജില്ലയിൽ ഭൂചലനമുണ്ടായ മേഖലകളിൽ അടിയിൽ ഏറെയും പാറകളാകാം. തീരദേശത്തോട് ചേർന്നുളള സ്ഥലങ്ങളിലും മണ്ണിനടിയിൽ പാറകളുണ്ടാകും. അത് തെന്നി മാറുമ്പോഴാണ് വലിയ മുഴക്കവും ചെറുചലനങ്ങളും ഉണ്ടാകുന്നത്. കിണർ ഇടിച്ചിലും ഇതിന്റെ ലക്ഷണമാണ്. എന്നിരുന്നാലും വലിയ ചലനങ്ങൾക്കുള്ള സാദ്ധ്യതകൾ കേരളത്തിൽ ഇല്ലെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.
സേഫ് സോണിൽ
തൃശൂരിൽ സംഭവിക്കാറുള്ളത് ഭൂമിയുടെ തൊട്ടുതാഴെയുളള പാളിയിലുളള ചലനങ്ങളാണ്. മൂന്ന് പതിറ്റാണ്ടു മുൻപ് തന്നെ തൃശൂരിൽ ചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല.
- ഡോ. ശ്രീകുമാരി കേശവൻ, റിട്ട. ശാസ്ത്രജ്ഞ, സെന്റർ ഫൊർ എർത്ത് സയൻസ് സ്റ്റഡീസ്
കേരളത്തിലെ വലിയ ഭൂചലനങ്ങൾ:
നേരിയ ഭൂചലനങ്ങൾ: റിക്ടർ സ്‌കെയിലിൽ 2 മുതൽ 3 വരെ വ്യാപ്തിയുള്ളവ