തൃശൂർ: അസത്യമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ വർഗീയത പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് സുനിൽ പി. ഇളയിടം. പ്രൊഫ. എം. മുരളീധരന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി എം. മുരളീധരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ 'വർഗീയതയുടെ വേരുകൾ' എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണ്ഡിത്യത്തോടൊപ്പം മാനവികതയും ലാളിത്യവും നർമവും കൂടെ കൂട്ടിയ ജീവിതം നയിച്ചതിനാലാണ് അദ്ദേഹം പ്രിയങ്കരനായി മാറിയതെന്ന് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി കെ. രാജൻ പറഞ്ഞു.
ഫൗണ്ടേഷൻ ചെയർമാൻ കാവുമ്പായി ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. തേറമ്പിൽ രാമകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. മികച്ച കോളേജ് അദ്ധ്യാപകന് നൽകുന്ന പ്രൊഫ. എം. മുരളീധരൻ സ്മാരകപുരസ്‌കാരം പൊന്നാനി എം.ഇ.എസ് കോളേജിലെ അദ്ധ്യാപകൻ ഡോ. വി.കെ. ബ്രിജേഷിന് മന്ത്രി കെ. രാജൻ സമ്മാനിച്ചു. ഡോ. കെ. പ്രദീപ്കുമാർ, പ്രൊഫ. എം. ഹരിദാസ്, ഡോ. വി.കെ. ബ്രിജേഷ്, പി. സുനിൽ എന്നിവർ പ്രസംഗിച്ചു.