1

തൃശൂർ: വെള്ളപ്പൊക്കവും അതിതീവ്രമഴയും മണ്ണിടിച്ചിലുമെല്ലാം കിണറുകളെയും മറ്റ് ജലാശയങ്ങളെയും മലിനമാക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്‌കൂളുകളിൽ ജലഗുണനിലവാര പരിശോധന നടപ്പാക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ മുന്നൂറോളം ലാബ് കൂടി വരുന്നുണ്ട്. ജില്ലയിലും കൂടുതൽ ലാബുകൾക്കായി ശ്രമം തുടങ്ങി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷൻ പദ്ധതി നടപ്പാക്കുന്നത്. ഹയർസെക്കൻഡറി സ്‌കൂളിലെ രസതന്ത്ര ലാബുകളോട് ചേർന്നാണ് ലാബുകൾ ഒരുക്കുന്നത്. പരിശോധന സൗജന്യമായാണ് ചെയ്യുന്നത്.

എം.എൽ.എ ഫണ്ടും പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗിച്ചാണ് ചിലയിടങ്ങളിൽ ലാബ് നിർമ്മിച്ചത്. പത്തനംതിട്ട മുതൽ എറണാകുളം വരെ മുന്നൂറോളം ലാബുകൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ സഹായത്തോടെയാണ് പൂർത്തിയാക്കുന്നത്. സ്‌കൂളിലെ ശാസ്ത്രാദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശോധനയ്ക്കായുള്ള പരിശീലനം നൽകി. നശിച്ചുകൊണ്ടിരിക്കുന്ന കിണറുകളെ തിരിച്ചു കൊണ്ടുവരാനും, ഉപയോഗിക്കാതെ കിടക്കുന്ന കിണർ ജലം ഉപയോഗിക്കാനും ജലപരിശോധന സഹായകമാകും. കിണർ ജലത്തിന് പുറമേ മറ്റ് ജലസ്രോതസിലെയും ഗുണനിലവാരം തുടർന്ന് പരിശോധന നടത്തുന്ന കാര്യം ഹരിതകേരളം മിഷന്റെ പരിഗണനയിലുണ്ട്.

ഒരു പഞ്ചായത്തിൽ ഒരു ലാബ്

ഓരോ പഞ്ചായത്തിലും ലാബ് ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പരിശോധനയെ തുടർന്ന് കോളിഫോം ബാക്ടീരിയയുടെയും ഫ്‌ളൂറൈഡന്റെയും അമോണിയയുടെയും സാന്നിദ്ധ്യവും പി.എച്ച്. മൂല്യവും നിർണയിച്ച് ഹെൽത്ത് കാർഡ് നൽകും. നിറം, ഗന്ധം, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പദാർത്ഥങ്ങളുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം തുടങ്ങി 70 ശതമാനത്തോളം പരിശുദ്ധി അറിയാം. സംസ്ഥാനത്ത് 600 ഓളം ലാബ് തുടങ്ങി 60 ലക്ഷത്തിലേറെയുള്ള കിണറ്റിലെ ജലം പരിശോധിച്ച് ഉപയോഗയോഗ്യമാണോ എന്ന് നിശ്ചയിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ സ്‌കൂളിൽ നിന്നുമുള്ള പരിശോധനാഫലം സംസ്ഥാനതലത്തിലേക്ക് അയക്കും. എല്ലാ പരിശോധനാ ലാബുകളിലെയും റിപ്പോർട്ടുകൾ ജില്ലാ മെഡിക്കൽ ഓഫീസർക്കും, അതത് പഞ്ചായത്തുകൾക്കും നൽകും.

ജില്ലയിൽ നിലവിലുള്ളത്: 54 ലാബുകൾ
തുടങ്ങാൻ ലക്ഷ്യമിടുന്നത്: വടക്കാഞ്ചേരി, കയ്പ്പമംഗലം നിയോജകമണ്ഡലങ്ങളിലും തൃശൂർ കോർപറേഷൻ പരിധിയിലും
ചെലവ് : ഏതാണ്ട് ഒന്നര ലക്ഷം രൂപ

കിണറുകളിലെ വെള്ളം മലിനമാണെന്ന് കണ്ടാൽ ഉടൻ അക്കാര്യം ആരോഗ്യവകുപ്പിനെ അറിയിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ അവിടെ ജലം ശുദ്ധമാക്കാനുള്ള അടിയന്തര നടപടികൾക്ക് ശുപാർശ ചെയ്യും.

സി.ദിദിക
ജില്ലാ കോർഡിനേറ്റർ
ഹരിതകേരളം മിഷൻ.