തൃശൂർ: സപ്ലൈകോയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് വൻ ഓഫറുകളും വിലക്കുറവുകളും നൽകുന്ന 50/50 (ഫിഫ്ടി/ഫിഫ്ടി), സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്നീ പദ്ധതികൾ 13ന് അവസാനിക്കും. ജൂൺ 25 മുതൽ 50 ദിവസത്തേക്കായിരുന്നു പദ്ധതികൾ നടപ്പാക്കിയത്.
സപ്ലൈകോ സൂപ്പർമാർക്കറ്റ്, ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെയുള്ള സമയത്ത് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബിൽ തുകയിൽ നിന്നും 10% കുറവ് നൽകുന്ന പദ്ധതിയാണ് ഹാപ്പി അവേഴ്‌സ്. നിലവിലുള്ള വിലക്കുറവിന് പുറമേയാണ് ഹാപ്പി അവേഴ്‌സിലെ 10% വിലക്കുറവ്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടെ 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും 50/50 പദ്ധതിയിലുണ്ട്.
ഓഫറുകൾ ഈവിധം
300 രൂപ വിലയുള്ള ശബരി ഹോട്ടൽ ബ്ലെൻഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നൽകുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നൽകും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോൾഡ് ടീ 64 രൂപയ്ക്ക് നൽകും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും, 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നൽകും.
ശബരി മുളകുപൊടി , മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിൾ പ്രീമിയം ഡസ്റ്റ് ടീയോടൊപ്പം 500 ഗ്രാം പഞ്ചസാര നൽകും. ഉജാല, ഹെൻകോ, സൺ പ്ലസ് തുടങ്ങി വിവിധയിനം ബ്രാൻഡുകളുടെ വാഷിംഗ് പൗഡറുകൾ, ഡിറ്റർജെന്റുകൾ എന്നിവയ്ക്ക് വിലക്കുറവുണ്ട്.