വടക്കാഞ്ചേരി: വയനാട് ദുരിതബാധിതരെ സഹായിക്കാൻ ചായക്കടയുമായി ആര്യംപാടം സർവോദയം സ്‌കൂൾ. സ്‌കൂളിലെ എൻ.എസ്.എസ് വാളണ്ടിയർമാരുടെ നേതൃത്വത്തിൽ ഒരു ചായ കുടിക്കാം നല്ല വയനാടിനായി എന്ന പേരിലുള്ള ചായക്കടയ്ക്ക് അഭിനന്ദനപ്രവാഹമാണ്. പൊതു ഇടങ്ങളിലാണ് കുട്ടികളുടെചായക്കട. കഴിഞ്ഞ ദിവസം മിണാലൂർ ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടത്തിയ ചായക്കടയിൽനിന്ന് സ്‌റ്റേഡിയനവീകരണനിർമ്മാണോദ്ഘാടനത്തിന് എത്തിയ മന്ത്രി വി.അബ്ദുറഹ്മാനും സേവ്യയർ ചിറ്റിലപ്പിള്ളി എം.എൽ.എയും ചായ കുടിച്ച് 500 രൂപ പെട്ടിയിൽ നിക്ഷേപിച്ചാണ് മടങ്ങിയത്. മണിക്കൂറുകൾക്കുള്ളിൽ പിരിഞ്ഞത് 5000ത്തിലധികം രൂപയാണ്. ചായക്കൊപ്പം സ്‌നാക്‌സും ലഭ്യമാണ്. പണം വാങ്ങുന്നതിന് പകരം കടയ്ക്കു മുന്നിൽ ഒരു പെട്ടി സ്ഥാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വടക്കാഞ്ചേരി മേഖലയുടെ വിവിധ ഭാഗങ്ങളിൽ നല്ല വയനാടിനായുള്ള ചായക്കട പ്രവർത്തിക്കുമെന്ന് ഇവർ അറിയിച്ചു. എൻ.എസ്.എസ് കോഡിനേറ്റർ എം.എസ്. ബിജി,അദ്ധ്യാപകരായ ടി.ജി. ഷീബ, ടോണി അഗസ്റ്റിൻ, എം. ശശികുമാർ നേതൃത്വം നൽകി.