പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിൽ
വടക്കാഞ്ചേരി: ബ്രിട്ടീഷുകാർ വാഴാനി പുഴയ്ക്ക് കുറുകെ നിർമ്മിച്ച മേലേതിൽപാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതോടെ പ്രദേശം വെള്ളപൊക്ക ഭീഷണിയിൽ. കഴിഞ്ഞ മാസമുണ്ടായ കനത്ത മഴയിൽ പാലത്തിന്റെ കുറച്ചുഭാഗം വെള്ളമെടുത്തിരുന്നു. പുഴയുടെ ഒഴുക്കിനെ പാലത്തിന്റെ അവശിഷ്ടങ്ങൾ തടസപ്പെടുത്തി പുഴ കരകവിഞ്ഞ് ജനവാസ മേഖലയിലേക്ക് വെള്ളം കയറി. ആറ് വർഷം മുമ്പ് വരെ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച പാലം 2018 ലെ പ്രളയത്തിൽ പുഴയെടുത്തു. ശേഷം 2021 ൽ നിർമ്മിച്ച പുതിയപാലത്തിലൂടെയാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. പഴയ പാലം അവശിഷ്ടങ്ങൾ ഇപ്പോഴും പുഴയ്ക്ക് കുറുകെ നിലനിൽക്കുകയാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പാലത്തിന്റെ പാർശ്വഭിത്തികൾ ഏറെ ദുർബലമാണെന്നും ആർക്കും ഉപകാരമില്ലാത്ത അവശിഷ്ടങ്ങൾ മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
..................
പുതിയപാലം 2021 ൽ
പാലം ഭാഗികമായി തകർന്നപ്പോൾ പാലത്തിന് മുകളിലൂടെ അടക്കാ മരങ്ങൾ നിരത്തിയായിരുന്നു സഞ്ചാരം. ഒടുവിൽ മുൻ എം. എൽ.എ അനിൽ അക്കര പുനർ നിർമ്മാണത്തിന് 70 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ സാങ്കേതിക അനുമതിക്ക് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിച്ച പ്പോൾ അതിൽ ഉദ്യോഗസ്ഥർ ഫുട് ഓവർ ബ്രിഡ്ജ് എന്ന് രേഖ പ്പെടുത്തിയത് പ്രതിസന്ധിയിലാക്കി. ഇതോടെ ഫയൽ അധികൃതർ മടക്കി. പിന്നീട് ഫുട് ഓവർ ബ്രിഡ്ജ് ( നടപ്പാലം) എന്ന പേര് മാറ്റി ഓവർ ബ്രിഡ്ജ് ( മേൽപ്പാലം ) എന്ന് രേഖപ്പെടുത്തി വീണ്ടും സമർപ്പിച്ച പദ്ധതിക്ക് അനുമതി ലഭിച്ചു. പുതിയപാലം 2021 ൽ യാഥാർഥ്യമായി.