കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം പാലം നിർമ്മിതിയിൽ മുനമ്പത്ത് സ്വകാര്യ വ്യക്തി നേടിയ ഹൈക്കോടതി സ്റ്റേ പാലം നിർമ്മാണത്തിന്റെ തുടർപ്രവർത്തനം വിഘാതമുണ്ടാക്കുമെന്ന് ആശങ്ക. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് എൻജിനീയർ നൽകിയ വിവരാവകാശ രേഖ ആശങ്കപ്പെടുത്തുന്നതാണെന്ന് പാലം സമര സമിതി. സ്റ്റേ നേടിയ മുനമ്പത്തെ പെട്രോൾ പമ്പ് ഉടമയായ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ പൈലിംഗിന് സ്റ്റേ നിലനിൽക്കുന്നത് മൂലം നിർമ്മാണ പ്രവർത്തനം തുടരാൻ കഴിഞ്ഞിട്ടില്ലെന്നും തടസം നിലനിൽക്കുന്നുണ്ടെന്നും സമരസമിതി ലീഗൽ സെൽ കൺവീനർ കെ.ടിസുബ്രഹ്മണ്യന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നു. മുനമ്പം ജെട്ടിയോട് ചേർന്നുള്ള സർക്കാർ ഉടമസ്ഥതയിലുള്ളതും സർക്കാർ ഏറ്റടുത്തതുമായ ഭൂമിയിലാണ് ഇപ്പോൾ നിർമ്മാണ പ്രവൃത്തി നടക്കുന്നതെന്ന് പാലം സമരസമിതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ട് വർഷമായിട്ടും സ്റ്റേ ഒഴിവാക്കാൻ സർക്കാർ കാര്യമായി ഇടപെടാത്തതിൽ ദുരൂഹതയുണ്ടെന്നും സമര സമിതി കുറ്റപ്പെടുത്തി. മുനമ്പത്തെ സ്റ്റേ നീക്കാൻ സർക്കാർ ഇനിയുമെങ്കിലും ഗൗരവമായി ഇടപെടണം. പാലം നിർമ്മാണത്തിന്റെ പേരിൽ ബോട്ട് സർവീസ് മുടങ്ങിയിട്ട് മൂന്നാഴ്ചയായി. ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി ഇതുവഴി കടന്നുപോയിരുന്നത്.
മുനമ്പത്ത് യാത്രാബോട്ട് അടുപ്പിക്കുന്നതിന് ബദൽ സംവിധാനം ഒരുക്കാൻ ഇത്രയും നാളായിട്ടും കഴിയാത്തത് ഭരണസംവിധാനങ്ങളുടെ വീഴ്ചയാണ്. ജില്ലാ പഞ്ചായത്ത് അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ട് യാത്രാക്ലേശം പരിഹരിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ചീഫ് കോർഡിനേറ്റർ പി.എ.സീതി മാസ്റ്റർ, ജനറൽ കൺവീനർ കെ.എം.മുഹമ്മദുണ്ണി, ഇ.കെ.സോമൻ, കെ.ടി.സുബ്രഹ്മണ്യൻ, പി.എ.കരുണാകരൻ, എൻ.എസ്.ഷഹാബ്, സി.എ.റഷീദ് അഴീക്കോട്, പി.കെ.ജസീൽ തുടങ്ങിയവർ പ്രസംഗിച്ചു.