മുണ്ടൂർ: മുണ്ടൂർ-പുറ്റേക്കര റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ ഉടൻ. കുപ്പിക്കഴുത്ത് റോഡിന് പരിഹാരം കാണാൻ ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ഭരണാനുമതി ലഭ്യമായതിനെ തുടർന്ന് രാജഗിരി ഔട്ട് റീച്ചാണ് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് അവതരിപ്പിച്ചത്. വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. പുരോഗതി വിലയിരുത്തി. വികസനം യാഥാർത്ഥ്യമാകുന്നതോടെ ഏറെക്കാലമായുള്ള ജനങ്ങളുടെ കാത്തിരിപ്പിന് പരിഹാരമാകുകയാണ്. വിദഗ്ധസമിതി ചെയർമാനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ.പി.ചാക്കോ ജോസ് , കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉഷാദേവി, ലിന്റി ഷിജു എന്നിവർ പങ്കെടുത്തു.
ഒന്നര കിലോമീറ്റർ യാത്രാദുരിതം
തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ സെന്റർ മുതൽ ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നാലുവരി പാതയിൽ നിന്ന് രണ്ടു വരി പാതിയായി ചുരുങ്ങി കുപ്പിക്കഴുത്താകും. നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് നടക്കുന്നത്. ഗതാഗതക്കുരുക്കും രൂക്ഷമാണ്.