തൃശൂർ: കേരളത്തിനകത്തും പുറത്തും നാലുപതിറ്റാണ്ടുകാലമായി നാമസങ്കീർത്തനവേദികളിൽ നിറസാന്നിദ്ധ്യമായ ജി.വി. രാമനാഥയ്യർ എന്ന ഗുരുവായൂർ രാജസ്വാമിക്ക് കേരള ബ്രാഹ്മണ സഭ തൃശൂർ ടൗൺ യൂണിറ്റ് ഭജനവിദ്വാൻ പി. രാമസ്വാമി സ്മാരക അവാർഡ് നൽകി ആദരിക്കും. കർണാടക സംഗീതത്തിൽ തൃപ്പൂണിത്തുറ ജി. വിശ്വനാഥ ഭാഗവതരുടെ ശിഷ്യനായ ജി.വി. രാമനാഥയ്യർ നാമസങ്കീർത്തനത്തിൽ സി.ആർ. നാരായണയ്യർ, ബി. വിശ്വനാഥയ്യർ, മോഴയത്ത് വേണു ഭാഗവതർ, മോഴയത്ത് ഉണ്ണി ഭാഗവതർ, രാമകൃഷ്ണൻ ഇളയത് എന്നിവരുടെ ശിഷ്യനാണ്. 100ലേറെ കീർത്തനങ്ങൾ രചിച്ച് സംഗീതം പകർന്നിട്ടുണ്ട്. 15ന് പുഷ്പഗിരി ജാനകീനാഥ് ഹാളിൽ വൈകിട്ട് 4.30ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ രാമനാഥ അയ്യർക്ക് പ്രശസ്തിപത്രവും ഫലകവും അയ്യായിരം രൂപയും അടങ്ങിയ അവാർഡ് പ്രശസ്ത ന്യൂറോ സർജൻ ഡോ. എസ്. ദേവപ്രസാദ് സമ്മാനിക്കും. കേരള ബ്രാഹ്മണ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി.കെ. പ്രകാശ്, ജില്ലാ പ്രസിഡന്റ് എസ്. ശിവരാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.