kana-polikal
ദേശീയ പാതയിലെ കാനകള്‍ പൊളിക്കലും നിര്‍മ്മിക്കലും നടക്കുന്നു

പുതുക്കാട്: വടക്കുംഞ്ചേരി-ഇടപ്പിള്ളി ദേശീയപാതയിൽ വെള്ളം ഒഴുകാത്ത കാനകൾ പൊളിച്ചും പുതിയ കാനകൾ നിർമ്മിച്ചും കരാർ കമ്പനി. രണ്ടാഴ്ചയിലേറെയായി സർവീസ് റോഡുകൾ അടച്ചിട്ടാണ് കാന പൊളി. ആദ്യം കാന നിർമ്മിച്ചതിന് ശേഷം ഇതുവരെയും കാനയിലൂടെ വെള്ളം ഒഴുകിയിട്ടില്ല. കനത്ത മഴയിൽ ആമ്പല്ലൂർ സിംഗ്‌നൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പ്രധാന കാരണം കാനയുടെ അശാസ്ത്രീയ നിർമ്മാണമാണ്.
കാനകൾക്ക് തുടർച്ചയില്ലാത്തത് മൂലം വെള്ളം റോഡിലേക്ക് ഒഴുകി. മുകളിൽ സ്ലാബ് ഇടാത്തത് നിരവധി അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. സിഗ്‌നൽ ജംഗ്്ഷനിലെ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായാണ് കാന നിർമ്മാണമെന്ന് പറയുന്നു.

വീതി കുറയുമോ എന്ന ആശങ്ക

ആമ്പല്ലൂർ സിംഗ്‌നൽ ജംഗ്ഷന് സമീപത്തെ കാന നിർമ്മാണം പൂർത്തിയാകുമ്പോൾ നിലവിലുള്ള സർവീസ് റോഡിന്റെ വീതി കുറയുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ദേശീയ പാതയുടെ സ്ഥലം മുഴുവൻ പ്രയോജനപെടുത്താതെ സർവീസ് റോഡിലേക്ക് കയറ്റിയാണ് നിർമ്മാണം. ഇതോടെ റോഡിന്റെ വീതി കുറയും. അടിപ്പാത നിർമ്മാണത്തിന് സർവീസ് റോഡ് പ്രയോജനപ്പെടുത്തുമ്പോൾ ഗതാഗത തടസം രൂക്ഷമാകുമെന്ന് നാട്ടുകാർ പറഞ്ഞു.