മാള : കുഴിക്കാട്ടുശ്ശേരിയിലെ നാലാം ക്ലാസുകാരി നൈനികയും സഹോദരൻ ഒന്നാം ക്ലാസുകാരൻ നൈദിക്കും മോഹങ്ങൾക്ക് അവധി കൊടുത്ത് സമ്പാദ്യക്കുടുക്ക വയനാട്ടിൽ ഭവനരഹിതരായവരുടെ ഭവന നിർമ്മാണത്തിനായി നൽകി. വയനാട്ടിലെ നടുക്കുന്ന ദൃശ്യങ്ങളും വാർത്തകളും കണ്ട് പിഞ്ചുകുട്ടികൾക്ക് അനുഭവപ്പെട്ട നൊമ്പരമാണ് സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച പതിനായിരത്തിൽപരം വരുന്ന സംഖ്യ ഭവനനിർമ്മാണത്തിനായി നൽകിയത്.
കുഴിക്കാട്ടുശ്ശേരിയിൽ ഓട്ടോ ഡ്രൈവറായ കണ്ണത്ത് ജയദേവൻ-രേഷ്മ ദമ്പതികളുടെ മക്കളാണ് ഇവർ. കൊമ്പൊടിഞ്ഞാമാക്കൽ എൽ.എഫ്, എൽ.പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് പഠിക്കാൻ മിടുക്കിയും സ്‌കൂൾ ലീഡറുമായ നൈനിക. നൃത്തം പഠിക്കാനുള്ള താല്പര്യമുള്ളതുകൊണ്ട് മൂന്ന് വർഷമായി കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ ഭരതനാട്യം പഠിക്കുന്നു. രണ്ടുമൂന്ന് മാസത്തിനുള്ളിൽ നടക്കുന്ന അരങ്ങേറ്റത്തിന് നല്ലൊരു സംഖ്യ ചെലവുണ്ട്. എന്നാൽ തങ്ങളെ പോലെയുള്ള കൊച്ചു വിദ്യാർത്ഥികൾക്ക് വന്ന നഷ്ടം അവരെ ചിന്തിപ്പിച്ചു. അച്ഛൻ ജയദേവൻ അടുത്ത അവധിക്കാലത്ത് ഈ സംഖ്യ കൊണ്ട് രണ്ടുപേർക്കും സൈക്കിൾ വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ കുട്ടികളുടെ തീരുമാനത്തിൽ അച്ഛന് അതിയായ സന്തോഷം തോന്നി.