1

ചാവക്കാട് : ഭൂമിക്കടിയിലെ മുഴക്കവുമായി ബന്ധപ്പെട്ട ഭൗമപ്രതിഭാസത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ജിയോളജിസ്റ്റ് ഡോ.എ.കെ.മനോജ്. തിരുവത്രയിൽ വിള്ളൽ സംഭവിച്ച 14 വീടുകളിലെ സന്ദർശനത്തിനെത്തിയതായിരുന്നു മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ.

ആവശ്യത്തിലധികം വെള്ളം ഭൂമി സംഭരിച്ചതിനാലുള്ള പ്രതിഭാസമാണിത്. പ്രകമ്പനത്തിന്റെ സ്‌കെച്ച് തയ്യാറാക്കി പഠനവിധേയമാക്കിയാലേ കൃത്യമായ കാരണം കണ്ടെത്താനാകൂ. വയനാട് മുതൽ കോഴിക്കോട് മലപ്പുറം ജില്ലകളിലൂടെ ജില്ലയുടെ പകുതി പ്രദേശങ്ങളിൽ ഭൂമിക്കടിയിൽ പ്രകമ്പനം ഉണ്ടായിട്ടുണ്ട്. അതിന്റെ തരംഗങ്ങളാണ് ഭിത്തികളുടെ വിള്ളലിന് കാരണം. പ്രദേശത്തെ മണ്ണിന്റെ ഘടനയും വിള്ളലിന് കാരണമായി. നേർരേഖയിലൂടെയല്ല പ്രകമ്പനമെന്നതിനാലാണ് ചില സ്ഥലങ്ങളിൽ മാത്രം അനുഭവപ്പെട്ടത്. എല്ലാ വീടുകൾക്കും സമാന രീതിയിലാണ് വിള്ളൽ സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശങ്കപ്പെടേണ്ടതോ, മാറി താമസിക്കേണ്ടതോ ആയ സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി നഗരസഭ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് പറഞ്ഞു. പുതിയറ പള്ളിക്ക് പിറകിൽ രാമി മുഹമ്മദാലിയുടെ ഉടമസ്ഥതയിലുള്ള ആർ.സി ക്വാർട്ടേഴ്‌സിലെ ഏഴ് വീടും താഴത്ത് സലാമിന്റെ ക്വാർട്ടേഴ്‌സിലെ മൂന്ന് വീടും കേരന്റകത്ത് ഫൈസൽ, സൈഫുള്ള റോഡിൽ എടക്കഴിയൂർകാരൻ ഹംസു, സഹോദരൻ ഷാഹു, അത്താണി കല്ലുവളപ്പിൽ നൗഷാദ് എന്നിവരുടെ വീടുകളുമാണ് ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചത്.

ശനിയാഴ്ച വൈകിട്ട് 3.15നാണ് വീടുകളുടെ ഭിത്തികളിൽ വിള്ളൽ കണ്ടത്. ഈ സമയം ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു. സംഭവശേഷം മേഖലയിലുള്ളവർ പരിഭ്രാന്തിയിലായി. ഇതേത്തുടർന്ന് കളക്ടർ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെത്തിയത്. ഹൈഡ്രോ ജിയോളജിസ്റ്റ് കെ.ലീന, അസിസ്റ്റന്റ് ജിയോളജിസ്റ്റ് തുളസി രാജ്, തഹസിൽദാർ ടി.പി.കിഷോർ, മണത്തല വില്ലേജ് ഓഫീസർ ടി.എസ്.അനിൽകുമാർ, അസിസ്റ്റന്റ് ഓഫീസർ റിജിത്, ടി.എം.ശിഖദാസ്, പി.എസ്.ഷീജ, എം.ആർ.രാധാകൃഷ്ണൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.