തൃശൂർ: നാടകകൃത്ത് വയലാ വാസുദേവൻ പിള്ളയുടെ പതിമൂന്നാമത് ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി വയലാ സ്മൃതി സംഘടിപ്പിക്കും. 29ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാഡമി ഹാളിൽ എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. ഡോ.വയലാ വാസുദേവൻ പിള്ള ട്രസ്റ്റ് നൽകുന്ന വയലാ വാസുദേവൻ പിള്ള സ്മാരക പുരസ്കാരം സംവിധായകൻ ഡോ.അഭിലാഷ് പിള്ളയ്ക്ക് സമ്മാനിക്കും. 25,000 രൂപയുടേതാണ് പുരസ്കാരം. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്കൂൾ ഒഫ് ഡ്രാമയുടെ ഡയറക്ടറാണ് അഭിലാഷ് പിള്ള.
മെഡിക്കൽ
കോളേജുകളിൽ
ഇന്ന് പ്രതിഷേധം
തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലും ഇന്ന് രാവിലെ 10.30ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. അദ്ധ്യാപകർ,പി.ജി ഡോക്ടർമാർ,ഹൗസ് സർജൻസ്,മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ടിയും ജനറൽ സെക്രട്ടറി ഡോ.ഗോപകുമാർ.ടിയും അറിയിച്ചു. അതേസമയം, സംഭവത്തിൽ ആശങ്കയറിയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒഎ) ബംഗാൾ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു.
സർവെ- ഭൂരേഖ വകുപ്പിന്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ശ്രീകുമാർപള്ളീലേത്ത്
തരുവനന്തപുരം: സർവെയും ഭൂരേഖയും വകുപ്പിൽ ഭരണപരമായ നടപടികൾ സ്വീകരിക്കാൻ ഡെപ്യൂട്ടി സെക്രട്ടറിക്ക് തുല്യമായ പദവിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി. 1,07,800-1,60,000 ശമ്പള സ്കെയിലാണ് നിയമനം. വകുപ്പിലെ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും യഥാസമയം ലഭ്യമാവാൻ തസ്തിക സഹായകമാവും. അർഹമായ സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും കിട്ടാതെ വിരമിച്ച ചില ഉദ്യോഗസ്ഥർ കോടതിയെ സമീപിച്ചിരുന്നു. സർവീസ് കാര്യങ്ങൾ നിരീക്ഷിക്കാൻ സൂപ്പർവൈസറി ഓഫീസർ ഇല്ലാത്തതായിരുന്നു വീഴ്ചയ്ക്ക് കാരണം.
ജോലി ഭാരം കണക്കിലെടുത്ത് ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ അഡ്മനിസ്ട്രേറ്റീവ് ഓഫീസറുടെ തസ്തിക സൃഷ്ടിക്കാമെന്ന് ഭരണപരിഷ്കാരവകുപ്പ് ശുപാർശ നൽകിയിരുന്നു. ലാൻഡ് റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കളക്ടർ കേഡറിലുള്ള ഉദ്യോഗസ്ഥനാണ് നിലവിൽ സർവെ- ഭൂരേഖ വകുപ്പിലെ ഭരണപരമായ കാര്യങ്ങൾ നോക്കുന്നത്. റവന്യൂ വിജിലൻസ് സെല്ലിന്റെ ചുമതലയും ഇതേ ഉദ്യോഗസ്ഥനാണ്. ജോലിഭാരം കാരണം ഭരണപരമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഉദ്യോഗസ്ഥന് കഴിയാതെ വരുന്നുണ്ട്. 1966 മുതൽ വകുപ്പിൽ യഥാസമയം ഡി.പി.സി (ഡിപ്പാർട്ട്മെന്റ് പ്രമോഷൻ കമ്മിറ്റി) ചേർന്നിട്ടില്ലെന്ന് ഗവൺമെന്റ് ഉത്തരവിൽതന്നെ പറയുന്നു. താത്കാലികമായി ജീവനക്കാർക്ക് നൽകിയിരുന്ന സ്ഥാനക്കയറ്റങ്ങൾ ക്രമപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡിജിറ്റൽ റീസർവെ നടപടികളും പുരോഗമിക്കുകയാണ്. ഇതുകൂടി കണക്കിലെടുത്താണ് തസ്തിക സൃഷ്ടിച്ചത്.സെക്രട്ടേറിയറ്റിൽ220 ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിർത്തലാക്കിയതിനാൽ സാമ്പത്തിക ബാദ്ധ്യത വരില്ലെന്നാണ് സർക്കാർ പറയുന്നത്.