വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ അടുത്തിടെ ഭൂമിക്കടിയിൽ നിന്നുണ്ടായ മുഴക്കത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയവും ഭൗമശാസ്ത്ര വിദഗ്ദ്ധരും പറയുന്നത്. ഈ മുഴക്കം ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, മഴ അസാധാരണമായും അതിതീവ്രമായും പെയ്യുമ്പോൾ പ്രവചനങ്ങൾക്കുപ്പുറം പലതും സംഭവിക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. വയനാട് കേന്ദ്രീകരിച്ചുണ്ടായ മുഴക്കത്തിനിടെയാണ് തൃശൂരിലെ തീരദേശത്തും മുഴക്കമുണ്ടായത്. തിരുവത്ര പുതിയറയിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ മുഴക്കത്തിൽ കെട്ടിടങ്ങളുടെ ചുമരുകളിൽ വിള്ളലുണ്ടായി. ഈ പ്രദേശം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം വിദഗ്ദ്ധ സംഘം സന്ദർശിച്ചിരുന്നു. പ്രദേശത്തെ കെട്ടിടങ്ങൾക്ക് സംഭവിച്ച കേടുപാടുകളും മറ്റും സംഘം നിരീക്ഷിച്ചു. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഭൂചലനമുണ്ടായിട്ടില്ലെന്നാണ് പരിശോധനാ സംഘത്തിന്റെ പ്രാഥമിക നിഗമനം. പക്ഷേ, ജനങ്ങളിൽ ഭീതി പൂർണ്ണമായി ഒഴിഞ്ഞുവെന്ന് പറയാനാവില്ല. എന്നിരുന്നാലും വലിയ ചലനങ്ങൾക്കുള്ള സാദ്ധ്യതകൾ കേരളത്തിൽ ഇല്ലെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. തൃശൂരിൽ മൂന്നു പതിറ്റാണ്ടോളമായി ചെറിയ ചലനങ്ങൾ ഉണ്ടാകാറുണ്ട്. അതിൽ ഭൂരിഭാഗവും മലയാേരമേഖലകളോട് ചേർന്നാണ്.
തീരദേശത്തും ചലനങ്ങളുണ്ടാകുമോ?
മലയോരമേഖലകളിലും ഇടനാടുകളിലുമാണ് കേരളത്തിൽ ഭൂചലനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിലും തീരദേശത്തോട് ചേർന്ന ഭാഗങ്ങളിലെയും ഭൂചലന സാദ്ധ്യത ഒഴിവാക്കാനാവില്ല. വർഷങ്ങൾക്ക് മുമ്പ് ചാവക്കാട് തീരദേശ മേഖലയിൽ നേരിയ ഭൂചലനങ്ങളുണ്ടായിട്ടുണ്ട്. ഭൂഗർഭ പാളികൾക്കിടയിലെ സമ്മർദ്ദം പുറത്തേക്ക് വരുമ്പോൾ ശബ്ദതരംഗമായി മാറാനും സാദ്ധ്യതയുണ്ട്. ഇതാകാം മുഴക്കമായി തോന്നുന്നത്. ഭ്രംശമേഖലകളിൽ ഭൂപാളികൾ തമ്മിൽ ചേർന്ന് സമ്മർദം സൃഷ്ടിക്കുന്നുണ്ട്. തീരദേശമാണെങ്കിലും ഭൂചലനമുണ്ടായ മേഖലകളിൽ അടിയിൽ ഏറെയും പാറകളാകാം. തീരദേശത്തോട് ചേർന്നുളള സ്ഥലങ്ങളിലും മണ്ണിനടിയിൽ പാറകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് തെന്നി മാറുമ്പോഴാണ് വലിയ മുഴക്കവും ചെറുചലനങ്ങളും ഉണ്ടാകുന്നത്. കിണർ ഇടിച്ചിലും ഇതിന്റെ ലക്ഷണമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
കെട്ടിടങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ
ചെറിയ ചലനങ്ങളിൽ പോലും കെട്ടിടങ്ങൾക്ക് വിള്ളലുണ്ടാകുന്നതാണ് ജനങ്ങളുടെ ഭീതിയുടേയും ആശങ്കയുടേയും പ്രധാന കാരണം. കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായാൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ജില്ലാ ജിയോളജിസ്റ്റ് അടക്കമുള്ളവർ പറയുന്നത്. ഭൂമിക്കടിയിലെ സങ്കോചവികാസങ്ങൾ കാരണം നേരിയ ചലനങ്ങൾ ഉണ്ടാകുന്നത് പതിവാണെന്നും ഇതിന്റെ തീവ്രത കൂടുമ്പോൾ കെട്ടിടങ്ങളുടെ അടിത്തറയെ ബാധിക്കുകയും ചുമരുകളിൽ വിള്ളൽവീഴുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടക്കാട്ടുന്നു. നിലവിൽ ഭൂചലനം ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്നും കൂടുതൽ പരിശോധനകൾ നടത്തിയാലേ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾ മാറി താമസിക്കേണ്ടതോ ആശങ്കപ്പെടേണ്ടതോ ആയ സാഹചര്യം ഇല്ലെന്ന് വിദഗ്ദ്ധ സംഘം അറിയിച്ചതായി ചാവക്കാട് നഗരസഭയും വ്യക്തമാക്കിയിരുന്നു.
ഭൗമോപരിതലത്തോട് ഏറ്റവും അടുത്തുള്ള പാളികളിലുണ്ടാകുന്ന സമ്മർദ്ദം കാരണമാണ് വീടുകൾക്ക് വിള്ളലുണ്ടാകുന്നതാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇത് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്താവുന്ന തീവ്രതയുള്ളതാകണമെന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഭൂമിക്കടിയിൽ സാധാരണ ഗതിയിൽ നിരവധി ചലനങ്ങൾ ഉണ്ടാകുമെന്നും ഇതിന്റെ തീവ്രത കൂടുമ്പോഴാണ് മറ്റ് രീതിയിലായി മാറുന്നതെന്നും അഭിപ്രായമുണ്ട്. തീരപ്രദേശത്തെ രണ്ട് ക്വാർട്ടേഴ്സുകളിലെ പത്ത് മുറികളിലെ ചുവരുകൾ കഴിഞ്ഞ ദിവസം വിള്ളലുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിനും വിള്ളലുണ്ടായി. മുഴക്കത്തോടൊപ്പം ടി.വി പ്രവർത്തന രഹിതമായതും സാധനങ്ങൾ താഴെ വീണതും വീട്ടുകാരിൽ ഭയമുണ്ടാക്കിയിരുന്നു.
മഴയ്ക്കു ശേഷമുള്ള സാദ്ധ്യത?
കനത്ത മഴക്കാലത്തിനു ശേഷം വൻതോതിൽ വെള്ളം ഭൂമിയുടെ ഉള്ളിലേക്കു ചെല്ലുമ്പോൾ ഭ്രംശ രേഖകൾക്കിടയിലുള്ള ഭാഗങ്ങളിലെ മണ്ണും ചെളിയും ദുർബലമാകും. ഇത് ചെറിയ തോതിലുള്ള തെന്നിമാറലുകളിലേക്ക് നയിക്കും. വലിയ ഭൂചലനങ്ങൾക്കു സാദ്ധ്യതയില്ലെങ്കിലും മലഞ്ചെരിവുകളിലും മറ്റും മഴയിലും മണ്ണിടിച്ചിലിലും ഇളകി നിൽക്കുന്ന ഭാഗങ്ങൾക്കോ പാറകൾക്കോ ഇളക്കം തട്ടും. അത് മലയോര മേഖലകളിലാകുമ്പോൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാമെന്നും പറയുന്നു.
എന്നിരുന്നാലും ഭൂചലനസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സോൺ മൂന്നിലായതിനാൽ കേരളം സുരക്ഷിതമാണ്. കേരളത്തിലെ വലിയ ഭൂചലനങ്ങൾ മൂന്നര പതിറ്റാണ്ട് മുൻപാണുണ്ടായത്. 1988ൽ നെടുങ്കണ്ടത്ത് (4.5) ആയിരുന്നു ആദ്യം. 1994ൽ വടക്കാഞ്ചേരി (4.3), 2001ൽ ഈരാറ്റുപേട്ട (4.8), 2020ൽ പുനലൂർ (4.6) എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി. പിന്നെയുണ്ടായത് റിക്ടർ സ്‌കെയിലിൽ ഒന്നോ രണ്ടോ മാത്രം തീവ്രതയുള്ള ചലനങ്ങളാണ്. ശബ്ദവും ചലനവും അനുഭവപ്പെടുമെങ്കിലും സ്‌കെയിലിൽ രേഖപ്പെടുത്തണമെന്നില്ല. ഇളകിയ ഭാഗങ്ങൾ ഉറയ്ക്കുന്നതിന്റെ ഭാഗമായി താഴേക്കുളള ഇരുത്തലുകളാകാം കഴിഞ്ഞദിവസങ്ങളിൽ സംഭവിച്ചതെന്നും അഭിപ്രായമുണ്ട്. തൃശൂരിൽ സംഭവിക്കാറുള്ളത് ഭൂമിയുടെ തൊട്ടുതാഴെയുളള പാളിയിലുളള ചലനങ്ങളാണെന്നും മൂന്ന് പതിറ്റാണ്ടു മുൻപ് തന്നെ തൃശൂരിൽ ചലനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും സെന്റർ ഫൊർ എർത്ത് സയൻസ് സ്റ്റഡീസിൽ നിന്ന് വിരമിച്ച ശാസ്ത്രജ്ഞ ഡോ. ശ്രീകുമാരി കേശവൻ വ്യക്തമാക്കുന്നു.
തൃശൂരിലെ ഭൂചലനം
കുന്നംകുളം, തലപ്പിള്ളി താലൂക്ക് പരിധിയിലെ ചിലയിടങ്ങളിൽ കഴിഞ്ഞ ജൂൺ 15, 16 തീയതികളിലായി നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് തുടർനടപടി സ്വീകരിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേർന്നിരുന്നു. കുന്നംകുളം താലൂക്കിലെ എരുമപ്പെട്ടി, പഴഞ്ഞി മേഖലയിൽ ജൂൺ 15ന് രാവിലെ 08.15 നോട് കൂടി ഉണ്ടായ ഭൂചലനം നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് റിക്ടർ സ്കെയിലിൽ 3.0 ആയാണ് രേഖപ്പെടുത്തിയത്. ഇത് ഒരു മുഴക്കത്തോട് കൂടി നാല് സെക്കൻഡ് നീണ്ടതായും, ഒബ്‌സർവേറ്ററിയിൽ വെൺമേനാട് പ്രദേശം പ്രഭവകേന്ദ്രം കാണിച്ചതായും അധികൃതർ അറിയിച്ചിരുന്നു. ജൂൺ 16ന് രാവിലെ 03.55 ന് ഉണ്ടായ ഭൂചലനം 2.9 ആയാണ് രേഖപ്പെടുത്തിയത്. ഭൂചലനങ്ങൾ പ്രവചിക്കുന്നതിന് നിലവിൽ സാങ്കേതികവിദ്യകൾ ഇല്ലാത്ത സാഹചര്യത്തിൽ, പ്രദേശത്ത് ആവശ്യമായ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർക്ക് റവന്യൂമന്ത്രി നിർദേശം നൽകിയിരുന്നു.
ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക ദൂരീകരിക്കുന്നതിനും, സ്വീകരിക്കേണ്ടതായ മുൻകരുതലുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും എവിടെയെങ്കിലും പ്രത്യേക സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ ഗ്രാമപഞ്ചായത്ത്, ജിയോളജി വിഭാഗം ഉദ്യേഗസ്ഥർ ഉൾപ്പെടെയുള്ളവർ സന്ദർശനം നടത്തി റിപ്പോർട്ട് ചെയ്യാനും തഹസിൽദാർമാർക്കും, എൽ.എസ്. ജി. ഡി ജോയിന്റ് ഡയറക്ടർക്കും നിർദ്ദേശം നൽകിയിരുന്നു. ചലനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, കെട്ടിടങ്ങളിലുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ചും, കഴിയുന്നിടത്തോളം തുറസായ സ്ഥലങ്ങളിലേക്ക് മാറാനും ജനങ്ങൾക്ക് ആവശ്യമായ ബോധവത്ക്കരണം നടത്താനും നിർദ്ദേശിച്ചിരുന്നു. എന്തായാലും ജാഗ്രത കൂടുതൽ വേണ്ടിയിരിക്കുന്ന കാലമാണിത്. പ്രത്യേകിച്ച്, ഈ പെരുമഴക്കാലത്ത്...