പുത്തൻചിറ: വില്വമംഗലം പാടശേഖരത്തിൽ കൃഷിക്കാർക്ക് വില്ലനായി വരിനെല്ലും ലഭ്യമാകുന്ന കുമ്മായത്തിൽ വന്ന കുറവും. ചിങ്ങം ഒന്നിന് പാടശേഖരത്തിൽ വിത്തിറക്കണം. എന്നാൽ കഴിഞ്ഞതവണ കൊയ്ത്ത് കഴിഞ്ഞശേഷം വിത്തിൽ കൂടിവന്ന വരിനെല്ല് പാടശേഖരം നിറയെമുളച്ച് വലുതായിട്ടുണ്ട്.

വരിനല്ലിന്റെ ആക്രമണം നെൽപ്പാടങ്ങളിൽ വ്യാപകമാണ്. ജനിതകമായും ബാഹ്യഘടനയിലും നെല്ലുമായി കാര്യമായി വ്യത്യാസമില്ലാത്തതിനാൽ സാധാരണ കളനിയന്ത്രണ മാർഗങ്ങളും കളനാശിനി പ്രയോഗവും കൊണ്ട് വരിനെല്ലിനെ നിയന്ത്രിക്കാനാകില്ല.

പാടം ഒരുക്കുന്നതിന് ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിച്ച് വെള്ളം കെട്ടി നിറുത്തി കുമ്മായം ഇടണം. ഒരേക്കറിന് 100 കിലോഗ്രാം കുമ്മായം ആവശ്യമാണ്. എന്നാൽ കൃഷിവകുപ്പ് ആവശ്യമായ കുമ്മായം നൽകുന്നില്ലെന്നാണ് കർഷകരുടെ പരാതി. ഫണ്ടില്ലെന്നതാണ് കാരണം പറയുന്നത്.

കഴിഞ്ഞ വർഷം ഏക്കറിന് 40 കിലോഗ്രാം കുമ്മായം ലഭിച്ചിരുന്നു. കാലവർഷവും വെള്ളം കെട്ടിക്കിടക്കുന്നത് മൂലവും പാട ശേഖരത്തിൽ അട്ടശല്യവും രൂക്ഷമാണ്. നല്ല രീതിയിൽ കുമ്മായമിട്ടാലേ അട്ടശല്യം പരിഹരിക്കാനാകൂ. അട്ടശല്യം ഒഴിവായെങ്കിലേ തൊഴിലാളികൾക്ക് പാടശേഖരത്തിൽ ഇറങ്ങി പണിയെടുക്കാൻ കഴിയൂ. പുത്തൻചിറയിലെ മറ്റു പാടശേഖരങ്ങളിലെ കർഷകരും സമാനമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്.

കുമ്മായം