melakala

കൊടകര: മേളകലാ സംഗീത സമിതിയുടെ 14ാമത് വാർഷികവും സുവർണമുദ്രസമർപ്പണവും 17ന് പൂനിലാർക്കാവ് ക്ഷേത്രമൈതാനിയിൽ നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങ് സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്യും. പി.എം.നാരായണ മാരാർ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ സുവർണമുദ്ര ചെണ്ട കലാകാരൻ അവിട്ടത്തൂർ രാജപ്പന് സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ സമ്മാനിക്കും. മുതിർന്ന മദ്ദളം കലാകാരൻ പുലാപ്പെറ്റ തങ്കമണി, കൊമ്പുകലാകാരൻ രാമാട്ട് നാരായണൻ നായർ എന്നിവരെ ആദരിക്കും. ഐ.പി.എസ് കരസ്ഥമാക്കിയ പി.വാഹിദിനെ അനുമോദിക്കൽ പെരുവനം കുട്ടൻമാരാർ നിർവഹിക്കും. ഗാനരചയിതാവ് ആർ.കെ.ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. തായമ്പകാചാര്യൻ കല്ലൂർ രാമൻകുട്ടി മാരാർ അനുഗ്രഹപ്രഭാഷണം നടത്തും. ചികിത്സാ ധനസഹായ വിതരണം കിഴക്കൂട്ട് അനിയൻമാരാരും വിദ്യാഭ്യാസ അവാർഡ് ദാനം പരയ്ക്കാട് തങ്കപ്പൻ മാരാരും നിർവഹിക്കും. വൈകീട്ട് ആറിന് ക്ഷേത്രസന്നിധിയിൽ ഗോപുരത്തിങ്കൽ പാണ്ടിമേളവും നടക്കും.