തൃശൂർ: ഓണാഘോഷം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനായി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്ത സംഘങ്ങളുടെ അടിയന്തരയോഗം വിളിച്ചു ചേർക്കണമെന്ന് പുലിക്കളി സംഘങ്ങളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. നിലവിൽ സംഘാടക സമിതി രൂപീകരിക്കുകയും രജിസ്‌ട്രേഷൻ പൂർത്തിയാക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ സംഘാടക സമിതി യോഗം വിളിച്ച് അഭിപ്രായം ചോദിക്കുകയോ സർക്കാർ ഉത്തരവിൽ വ്യക്തത വരുത്തുകയോ ചെയ്യാതെ പുലിക്കളി ഉപേക്ഷിച്ചത് പുന:പരിശോധിക്കണം. ധാരാളം മുന്നൊരുക്കം നടത്തിയത് മൂലം മുഴുവൻ സംഘങ്ങളും നിലവിൽ വൻ സാമ്പത്തിക ബാദ്ധ്യതയിലാണ്. ഈ സാഹചര്യത്തിൽ സംഘങ്ങളുടെ അഭിപ്രായം അറിയുന്നതിന് യോഗം വിളിക്കണമെന്ന് സംഘങ്ങളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു.