ramboottan
അതിരപ്പിള്ളി റോഡരികിൽ കാഞ്ഞിരപ്പിള്ളിയിൽ നടക്കുന്ന റംബൂട്ടാൻ കച്ചവടം

ചാലക്കുടി: കനത്ത മഴയും നിപ്പാ ഭീതിയും ഒഴിഞ്ഞതോടെ അതിരപ്പിള്ളിയിൽ പൊടിപൊടിച്ച് റംബൂട്ടാൻ വഴിയോര കച്ചവടം. നല്ല കായ്കൾ കിലോ 250 രൂപയ്ക്കാണ് വിൽപ്പന. നിറംമങ്ങിയവ ഇരുനൂറിനും. കഴിഞ്ഞ വർഷങ്ങളിൽ ആഗസ്റ്റ് ആദ്യത്തോടെ റംബൂട്ടാൻ വിൽപ്പന അവസാനിച്ചിരുന്നു. കാലാവസ്ഥയുടെ വ്യത്യാസത്തിൽ ഏറെ വൈകിയാണ് ഇത്തവണ റംബൂട്ടാൻ പഴങ്ങൾ കായിച്ച് തുടങ്ങിയത്. നിപ്പാ ഭീതിയിലും കച്ചവടക്കാർ ഏറെ ആശങ്കപ്പെട്ടിരുന്നു. കേരളത്തിലെ ഏറ്റവും മികച്ച റംബൂട്ടാൻ വിളവ് കേന്ദ്രമായ പരിയാരത്തിന് ഈ മേഖലയിൽ വിട്ടുമാറാത്ത നിരാശയായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതും വിൽപ്പനെ ബാധിച്ചു. എല്ലാ പ്രതിസന്ധികളും ഒഴിഞ്ഞതോടെ കാലം തെറ്റിയ കായ്ഫലമായ അതിരപ്പിള്ളി ബ്രാൻഡിന് ആവശ്യക്കാർ ഏറെയാണ്. ചുവപ്പ് പഴങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.


ഇടനിലക്കാരെ ഒഴിവാക്കി ഉടമകൾ

നാല് വർഷമായി ഇടനിലാക്കരെ ഒഴിവാക്കിയുള്ള കച്ചവടമാണ് സജീവമാകുന്നത്. 100-150 രൂപ വിലയിൽ തോട്ടങ്ങളിൽ നിന്നും മൊത്തമായി വാങ്ങുന്ന ഇടനിലക്കാരെ ഒഴിവാക്കി ഇക്കുറി സ്വന്തമായി വഴിയോരങ്ങളിൽ കച്ചവടം നടത്തിയും പ്രാദേശികമായി വിറ്റും ഉടമകൾ ലാഭം കണ്ടെത്തുകയാണ്. വിളവെടുത്തശേഷം മൊത്തകച്ചവടക്കാർ പഴങ്ങൾ വേർതിരിച്ചാണ് കൊണ്ടുപോകുന്നത്.വലിപ്പം കൂടിയവ എടുക്കുകയും ചെറുതും ഭംഗി കുറഞ്ഞവയും ഉപേക്ഷിക്കുന്നതും ഉടമകൾക്ക് നഷ്ടം നേരിട്ടു. ഇതോടെയാണ് പ്രദേശിക വിൽപ്പന വർദ്ധിച്ചത്.