1

തൃശൂർ: ആഗോളസംഘടനയായി വളർത്തിയെടുക്കണം, ബോഡി ഷെയ്മിംഗ് അടക്കമുള്ള പ്രവണതകളെ തടയണം... തേക്കിൻകാട് മൈതാനിയിലെ തെക്കേ ഗോപുരനടയിൽ സംഗമിച്ച, തല മൊട്ടയടിച്ചവരുടെ ലക്ഷ്യമാണിത്. എല്ലാ ജില്ലകളിൽ നിന്നുമായി 25 പേർ തൃശൂരിലെത്തിയാണ് മൊട്ട എന്ന പേരിൽ സംഘടന രൂപീകരിച്ച് ആഗോള സംഘടനയാക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ചത്.

മൊട്ടത്തലയന്മാരെ കാണുമ്പോൾ എല്ലാവർക്കും ഒരേ ഛായ തോന്നുന്നത് സ്വാഭാവികമാണെന്നും ഇത്തരം സംഗമം ലോകത്ത് ആദ്യമാണെന്നും സംഘാടകൻ സജീഷ് കുട്ടനെല്ലൂർ അവകാശപ്പെടുന്നു. ഈ സംഘടനയിൽ അംഗമാകാൻ നിരവധി പേരാണ് മുന്നോട്ട് വരുന്നത്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എറണാകുളം മറൈൻ ഡ്രൈവിൽ ആഗോള സംഗമം നടത്തുമെന്നും സ്റ്റാൻഡ് അപ്പ് കോമേഡിയൻ കൂടിയായ സജീഷ് പറഞ്ഞു.

കഷണ്ടിക്കാർ വേണ്ട

മൊട്ടത്തലയന്മാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വമെടുക്കാൻ അവസരം. കഷണ്ടിക്കാർക്ക് അവസരമില്ല. തല സ്ഥിരമായി ഷേവ് ചെയ്യുന്നവരെ മാത്രമാണ് സംഘടനയിൽ അംഗമാക്കുന്നത്. കഷണ്ടിക്കാരല്ലാതെ ഇങ്ങനെ ചെയ്യുന്നവർ കേരളത്തിൽ തന്നെ ഒത്തിരിയുണ്ടെന്നാണ് പറയുന്നത്. മുടിക്ക് അൽപ്പം ഉള്ളുകുറഞ്ഞപ്പോൾ സജീഷ് കോമഡി പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ തൊപ്പിവച്ച് കയറാൻ തുടങ്ങിയിരുന്നു. മറ്റുള്ളവരെ വഞ്ചിക്കുകയാണോ എന്നൊരു തോന്നൽ മനസിലുണ്ടായപ്പോൾ തല മൊട്ടയടിച്ചു. മൊട്ടത്തലയുമായി വേദിയിലെത്തിയപ്പോൾ കാണികളുടെ കൈയടി കൂടി. പിന്നെ ഇതുവരെ മുടി വളർത്തിയിട്ടില്ല. ഇപ്പോൾ നിരന്തരം തല ഷേവുചെയ്യുന്നു. സ്വന്തം മൊട്ടത്തല ഹിറ്റായതോടെയാണ് മറ്റുമൊട്ടകളെയും ശ്രദ്ധിക്കാൻ തുടങ്ങി. തൃശൂരിൽ മാത്രമുള്ള കൂട്ടായ്മ എന്ന നിലയിൽ ഒരു പോസ്റ്റർ ഉണ്ടാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തപ്പോഴാണ് മൊട്ടകളുടെ എണ്ണം തിരിച്ചറിഞ്ഞതെന്നും സജീഷ് പറഞ്ഞു.