ajith-

തൃശൂർ: കോടതി മുറിയിൽ നിന്ന് രക്ഷപ്പെട്ട ലഹരിമരുന്ന് കടത്തുക്കേസിലെ പ്രതി ശ്രീലങ്കൻ പൗരൻ അജിത് കിഷൻ പെരേര പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് മോഷ്ടിച്ച ബോട്ടിൽ ശ്രീലങ്കയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശ്രീലങ്കൻ നാവികസേനയാണ് പിടികൂടിയത്. ബോട്ടിൽ അവശനിലയിലായിരുന്നു. കന്യാകുമാരിയിൽ നിന്നാണ് ഇയാൾ പോയത്. രാജ്യാതിർത്തി കടന്നെത്തിയ ബോട്ട് ശ്രീലങ്കൻ നാവികസേന പിടികൂടുകയായിരുന്നു.

നടപടികൾ പൂർത്തിയാക്കി ഇയാളെ കേരള പൊലീസിന് കൈമാറും. വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഇയാളെ ജൂലായ് ഒന്നിന് അയ്യന്തോൾ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു രക്ഷപ്പെട്ടത്. വിലങ്ങഴിച്ച് കോടതി മുറിയിലേക്ക് കയറ്റുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ഒളരിയിലെത്തിയ ഇയാൾ അവിടെ കണ്ട സൈക്കിളെടുത്ത് തീരദേശ ഹൈവേ വരെയെത്തി. തുടർന്ന് മട്ടാഞ്ചേരിയിലെത്തി മൂന്നു ദിവസം ഇവിടെ ബോട്ട് ജെട്ടിയിലും പരിസരത്തും കഴിഞ്ഞശേഷം തമിഴ്നാട്ടിലെത്തുകയായിരുന്നു. ലഹരിക്കേസിൽ ഫോർട്ട് കൊച്ചി പൊലീസ് പിടികൂടിയ ഇയാളെ ഏതാനും മാസം മുമ്പാണ് വിയ്യൂർ ജയിലിലേക്ക് മാറ്റിയത്.