cong

തൃശൂർ:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ കെ.മുരളീധരന്റെ തോൽവിയെപ്പറ്റി അന്വേഷിക്കുന്ന കെ.പി.സി.സി സമിതിയുടെ റിപ്പോർട്ട് ഉടൻ നൽകും. തോൽവിക്ക് ഉത്തരവാദികളായ നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുൾപ്പെടെയുള്ള ഇക്കാര്യം തള്ളിക്കളയുന്നില്ല. തൃശൂരിലെയും ആലത്തൂരിലെയും തോൽവികളെപ്പറ്റി പ്രത്യേകം റിപ്പോർട്ടുണ്ടാകും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിച്ഛായ വീണ്ടെടുക്കേണ്ടതിനാൽ പുതിയ ഡി.സി.സി. പ്രസിഡന്റിനെ വെെകാതെ കണ്ടെത്തും. നിലവിൽ പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠനാണ് ചുമതല.

മന്ത്രി കെ.രാധാകൃഷ്ണൻ എം.പിയായതിനെ തുടർന്ന് നടക്കാനിരിക്കുന്ന ചേലക്കര ഉപതിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തിയില്ലെങ്കിൽ പാർട്ടിയുടെ അടിത്തറ തകരുമെന്ന് യോഗങ്ങളിൽ നേതാക്കൾ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ചേലക്കരയിൽ ബൂത്ത് പ്രസിഡൻ്റുമാരുടെ യോഗവും ചേർന്നിരുന്നു. തൃശൂർ കോർപ്പറേഷന്റെ ചുമതല അങ്കമാലി എം.എൽ.എ റോജി എം.ജോണിന് നൽകി. വി.ഡി.സതീശനായിരുന്നു രണ്ട് യോഗങ്ങളുടെയും ഉദ്ഘാടകൻ. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, മുൻ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, എം.പിമാരായ വി.കെ.ശ്രീകണ്ഠൻ, ബെന്നി ബഹനാൻ തുടങ്ങിയവർ പങ്കെടുത്തു.

ചേലക്കര:സ്ഥാനാർത്ഥി

ചർച്ച തുടങ്ങി

ചേലക്കരയിൽ ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തണമെന്നാണ് കോൺഗ്രസിലെ പൊതു വികാരം.രമ്യ ഹരിദാസിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും അവർക്കെതിരെ പോസ്റ്ററുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാൻ യു.ആർ.പ്രദീപിന്റെ പേരാണ് സി.പി.എം മുഖ്യമായും പരിഗണിക്കുന്നത്. കെ.രാധാകൃഷ്ണന് മുമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചതും പ്രദീപാണ്.. ആലത്തൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷത്തോളം വോട്ട് കൂടുതൽ നേടിയ ഡോ.ടി.എൻ.സരസുവിനെയും കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ ലോചനൻ അമ്പാട്ടിനെയും ബി.ജെ.പി പരിഗണിക്കുന്നതായാണ് വിവരം.