con

തൃശൂർ: മന്ത്രി കെ.രാധാകൃഷ്ണൻ എം.പിയായതിനെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കര നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തിന് വരി നിന്ന് കോൺഗ്രസുകാർ. പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 31 പേർ ഡി.സി.സി നേതൃത്വത്തിന് അപേക്ഷ നൽകി.
ആലത്തൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യ ഹരിദാസ് സീറ്റിനായി പിടി മുറുക്കിയിട്ടുണ്ടത്രേ. എന്നാൽ ഒരു വിഭാഗം കോൺഗ്രസുകാർ അവർക്കെതിരെ രംഗത്തുണ്ട്. രമ്യയ്‌ക്കെതിരെ ചേലക്കരയിൽ പോസ്റ്ററും പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏകോപനം പാളിയതാണ് ആലത്തൂർ തിരഞ്ഞെടുപ്പിൽ രമ്യയുടെ തോൽവിക്ക് കാരണമെന്ന് സീനിയർ നേതാക്കൾ കെ.പി.സി.സി സമിതിക്ക് മൊഴി നൽകിയിരുന്നു. സ്ഥാനാർത്ഥിയുടെ പോരായ്മകൾ പരിഹരിക്കാനും നടപടിയുണ്ടായില്ല. കഴിഞ്ഞ മാസമാണ് കെ.പി.സി.സി സമിതി തെളിവെടുപ്പ് നടത്തിയത്. മുൻമന്ത്രി വി.സി.കബീർ, മുൻ എം.എൽ.എമാരായ കെ.അച്യുതൻ, കെ.എ.ചന്ദ്രൻ, മുൻ എം.പി വി.എസ്.വിജയരാഘവൻ തുടങ്ങിയവർ മൊഴി നൽകി.
താഴെതട്ടിൽ പ്രവർത്തനം നടക്കാത്തതാണ് തൃശൂരിൽ കെ.മുരളീധരന്റെയും ആലത്തൂരിൽ രമ്യയുടെയും പരാജയത്തിന് ഇടയാക്കിയതെന്നാണ് കണ്ടെത്തൽ. അന്തിമച്ചർച്ചയ്ക്ക് ശേഷം സമിതി ഈയാഴ്ച കെ.പി.സി.സി പ്രസിഡന്റിന് റിപ്പോർട്ട് നൽകും. തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണം പാളിയതിന് പിന്നിൽ നേതാക്കളുടെ തമ്മിലടിയാണെന്നും സമിതിക്ക് ബോദ്ധ്യപ്പെട്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് സാമഗ്രികൾ വിവിധ കേന്ദ്രങ്ങളിലെത്തിക്കാൻ പോലും വൈകി. ഊർജ്ജിത പ്രചാരണം നടക്കേണ്ട സന്ദർഭങ്ങളിൽ തിരഞ്ഞെടുപ്പ് ചുമതലയുള്ളവരെ ഡി.സി.സിയിലേക്ക് വിളിപ്പിച്ച് അവലോകന യോഗത്തിന്റെ പേരിൽ സമയം കളഞ്ഞു. സമയത്തിന് യോഗം ചേരാതെ ദിവസം മുഴുവൻ പാഴാക്കിയത് ബോധപൂർവമാണെന്നും ആക്ഷേപമുണ്ട്.

കരുതണം, തെറ്റായ പ്രചാരണത്തെ


കോൺഗ്രസിനെതിരെ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും ജാഗ്രത വേണമെന്നും നടത്തറയിൽ ഞായറാഴ്ച നടന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപനും ഷാനിമോൾ ഉസ്മാനും കെ.മുരളീധരനെ കഴിഞ്ഞമാസം വയനാട്ടിലെ യോഗത്തിൽ വിമർശിച്ചുവെന്നത് ഉദാഹരണമാണ്. താനൊന്നുമറിഞ്ഞില്ലെന്ന് ക്യാമ്പിൽ ടി.എൻ.പ്രതാപൻ പറഞ്ഞു.