വടക്കാഞ്ചേരി: രാജ്യത്തെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ടയിൽ ആരംഭിക്കുമെന്ന പ്രഖ്യാപനം കടലാസിൽ. 2020 ജനുവരിയിൽ തറകല്ലിട്ട് പ്രവർത്തനം ഏറെ മുന്നോട്ടു പോയെങ്കിലും പിന്നീട് പൂർണമായും നിലച്ചു. സംസ്ഥാന സർക്കാരും, ആന ഉടമകളുടെ ഫെഡറേഷനും സംയുക്തമായാണ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്.
ചിറ്റണ്ട പടിഞ്ഞാറ്റു മുറിയിലെ 32 ഏക്കറിലാണ് ആശുപത്രിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്ന സ്ഥലം വിലയ്ക്ക് വാങ്ങി അത്യന്താധുനിക സൗകര്യങ്ങളോടെ ആശുപത്രി തുടങ്ങുകയായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ നാട്ടാനകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയും, അവശേഷിക്കുന്നവയുടെ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരം കാണുകയുമാണ് ഉദ്ദേശ്യം.
ആനകളെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പരിപാലിക്കാനും കാടിന്റെ പശ്ചാതത്തലത്തിലേക്ക് നയിക്കാനും ആശുപത്രിയോട് അനുബന്ധിച്ച് സൗകര്യമൊരുക്കലും പദ്ധതിയുടെ ഭാഗമായിരുന്നു. നിരവധി ആനകളെ ഒരേ സമയം തുറന്നുവിട്ട് ചികിത്സിക്കുന്നതിനുള്ള സൗകര്യമായിരുന്നു മറ്റൊരു ആകർഷണം. ആനപ്രതിമകൾ സ്ഥാപിച്ച് ഗജപ്രേമികൾക്ക് കാഴ്ചവിരുന്ന് ഒരുക്കുന്നതിനും രൂപരേഖ തയ്യാറാക്കിയിരുന്നു. ഗുരുവായൂർ കേശവന്റെ പ്രതിമ ഏറെ ആകർഷകമായിരുന്നു.
ആനകൾക്ക് സുഖചികിത്സയ്ക്കുള്ള ക്രമീകരണമായിരുന്നു മറ്റൊരു ലക്ഷ്യം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ആന ചികിത്സകരുടെയും മുഴുവൻ സമയവും ഡോക്ടർമാരുടെയും സാന്നിദ്ധ്യം ഉറപ്പാക്കാനും തീരുമാനമെടുത്തിരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് ദേവസ്വം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രഖ്യാപിച്ചിരുന്നു. ആശുപത്രി വരുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്താകുമെന്നും, ചിറ്റണ്ട ചെറു ചക്കിചോലയുടെ ശാപമോക്ഷത്തിന് വഴിയൊരുക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.
ശ്രദ്ധേയമായ ആന ആശുപത്രിക്ക് വിശദമായ പദ്ധതിരേഖ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പദ്ധതിയുമായി സഹകരിക്കാൻ സർക്കാർ സന്നദ്ധമായിരുന്നു. എന്നാൽ ആന ഉടമകളുടെ സഹകരണം ഉണ്ടായില്ലെന്നതാണ് അനിശ്ചിതത്വത്തിലാക്കിയത്.
- എസ്. ബസന്ത് ലാൽ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്
ആന ആശുപത്രി യാഥാർഥ്യമാക്കും. നടപടിക്രമങ്ങൾ നടന്നുവരികയാണ്. ആന ഉടമകൾ, പ്രേമികൾ എന്നിവരെല്ലാം ഉൾപ്പെടുന്നതാണ് ട്രസ്റ്റ്. കൊവിഡ് കാലം തിരിച്ചടിയായി. ഡിസംബറോടെ ജോലികൾ വീണ്ടും തുടങ്ങും. ആശുപത്രി ഉടൻ യാഥാർത്ഥ്യമാക്കാനാണ് ശ്രമം.
- എലിഫന്റ് വെൽ ഫെയർ ട്രസ്റ്റ്