1

തൃശൂർ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും വേണ്ടെന്ന കോർപറേഷൻ തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലക്കളി സംഘങ്ങൾ. സംഘങ്ങളുടെ യോഗം വിളിക്കണമെന്ന ആവശ്യം ഭാരവാഹികൾ ഇന്നലെ മേയറെ നേരിൽകണ്ട് അറിയിച്ചു. സംഘാടക സമിതി രൂപീകരിച്ച് രജിസ്‌ട്രേഷൻ പൂർത്തിയായപ്പോഴാണ് പുലിക്കളി ഉപേക്ഷിച്ചത്.

സംഘാടക സമിതി യോഗം വിളിക്കാതെ പുലിക്കളി ഉപേക്ഷിച്ചെങ്കിലും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നാണ് പരാതി. പുലിക്കളി സംഘങ്ങൾ നിരവധി മുന്നൊരുക്കം നടത്തിയിരുന്നു. പുലിക്കളി ടീമുകളുടെ എണ്ണം കൂടിയതോടെ പുലികളെയും വരക്കാരെയും നിശ്ചലദൃശ്യം ഒരുക്കുന്നവരെയും അഡ്വാൻസ് നൽകി ബുക്ക് ചെയ്തിരുന്നുവെന്ന് സംഘാടകർ പറയുന്നു.

രണ്ടും മൂന്നും ലക്ഷം രൂപ പ്രാരംഭപ്രവൃത്തികൾക്കായി ചെലവഴിച്ചു. പുലിക്കളി നടക്കാതെ വന്നാൽ സംഘങ്ങൾ സാമ്പത്തിക ബാദ്ധ്യതയിലാകും. എതാനും ദിവസം മുമ്പാണ് സർവകക്ഷിയോഗം വിളിച്ച് മേയർ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

രജിസ്റ്റർ ചെയ്ത സംഘങ്ങൾ

വിയ്യൂർ യുവജന സംഘം, വിയ്യൂർ ദേശം പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷക്കമ്മിറ്റി, കാനാട്ടുകര ദേശം പുലികളി, ചക്കാമുക്ക് ദേശം പുലിക്കളി, ശക്തൻ പുലിക്കളി സംഘം, സീതാറാം മിൽ ദേശം പുലിക്കളി സംഘാടക സമിതി, പാട്ടുരായ്ക്കൽ ദേശം കലാകായിക സാംസ്‌കാരിക സമിതി, അയ്യന്തോൾ ദേശം പുലികളി സംഘാടക സമിതി.

കിഴുക്കുംപാട്ടുകര കുമ്മാട്ടി സർക്കാർ തീരുമാനപ്രകാരം
പരമ്പരാഗത കുമ്മാട്ടിക്കളിയായ കിഴക്കുംപാട്ടുകര കുമ്മാട്ടിക്കളി സർക്കാർ തീരുമാനം മുന്നോട്ടുപോകും. കൊവിഡ് കാലത്തും പ്രളയകാലത്തും ചടങ്ങ് മാത്രമായി നടത്തിയിരുന്നു. എന്നാൽ മേയറല്ല, സർക്കാരാണ് നയം പ്രഖ്യാപിക്കേണ്ടതെന്ന നിലപാടിലാണ് സംഘം ഭാരവാഹികൾ. അതേസമയം പരിപാടി നടത്താനാണ് മറ്റ് കുമ്മാട്ടി സംഘങ്ങളുടെ തീരുമാനം. കുമ്മാട്ടി നടത്തിയതിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് ജില്ലാ കുമ്മാട്ടി കൂട്ടായ്മ അറിയിച്ചു. 36 കുമ്മാട്ടി സംഘങ്ങൾ യോഗത്തിൽ പങ്കെടുത്തു.

വള്ളംകളികൾ ഉപേക്ഷിച്ചേക്കും
ഓണനാളുകളിൽ വിവിധയിടങ്ങളിൽ നടക്കാറുള്ള ജലോത്സവങ്ങൾ ഉപേക്ഷിക്കുന്നുണ്ട്. തിരുവോണനാളിൽ തൃപ്രയാറിലും രണ്ടോണനാളിൽ കണ്ടശ്ശാംകടവിലും കോട്ടപ്പുറത്തുമാണ് പ്രധാന ജലോത്സവങ്ങൾ. മാസങ്ങൾക്ക് മുൻപേ പരിശീലനം ആരംഭിച്ചതാണ്. പുലിക്കളി സംഘങ്ങളുടെ യോഗം വിളിച്ച് കാര്യങ്ങൾ വിശദീകരിക്കും.
- എം.കെ. വർഗീസ്, മേയർ


പരമ്പരാഗത കുമ്മാട്ടിയാണ് കിഴക്കുംപാട്ടുകരയിലേത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഓണഘോഷം വേണ്ടെന്നത് സർക്കാർ തീരുമാനമാണെങ്കിൽ മൂന്നോണ നാളിൽ പനമുക്കുംപ്പിള്ളി ക്ഷേത്രത്തിൽ ചടങ്ങായി മാത്രം കുമ്മാട്ടി സംഘടിപ്പിക്കും.
- സുരേന്ദ്രൻ ഐനിക്കുന്നത്ത്, കിഴക്കുംപാട്ടുകര ദേശക്കുമ്മാട്ടി പ്രസിഡന്റ്