ചാലക്കുടി: ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിൽ ചില ബിഷപ്പുമാർ സീറോ മലബാർ സഭയെയും അങ്കമാലി - എറണാകുളം അതിരൂപതയെയും ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്ന് അതിരൂപതയിലെ വിശ്വാസി കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. ഇതിനെതിരെ 18ന് സഭാ ആസ്ഥാനത്ത് കുടിൽ കെട്ടി സത്യഗ്രഹം നടത്തും. അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലെ വരുമാനം പാംപ്ലാനിയും സംഘവും കൈക്കലാക്കുകയാണെന്നും വിശ്വാസി കൂട്ടായ്മ ആരോപിച്ചു. സത്യഗ്രഹത്തിന്റെ പ്രചാരണാർത്ഥം 15ന് രണ്ട് മേഖലകൾ തിരിച്ച് വിളംബര ജാഥ സംഘടിപ്പിക്കും. ജനറൽ കൺവീനർ ഡോ. എം.പി. ജോർജ്ജ്, കൺവീനർമാരായ ജോസ് പാറേക്കാട്ടിൽ, ഷൈബി പാപ്പച്ചൻ, ജോസഫ് അമ്പലത്തിങ്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.