1

കൊടുങ്ങല്ലൂർ: തീരദേശത്തിന്റെ ചിരകാല അഭിലാഷമായ അഴീക്കോട് മുനമ്പം പാലത്തിന്റെ അഴീക്കോട് ഭാഗത്തെ തുടക്കത്തിലുള്ള രണ്ട് സ്പാനുകളുടെ (30മീ) കോൺക്രീറ്റിംഗ് ആരംഭിച്ചു. നിർദിഷ്ട പാലത്തിനും അനുബന്ധ റോഡിനും കൂടി 1,124 മീറ്റർ നീളമാണുള്ളത്. പാലത്തിന് മാത്രം 8,75 മീറ്റർ നീളവും, വീതി 15.7 മീറ്ററുമാണ്. ഇരുവശങ്ങളിലും നടപ്പാതയും ഒരു സൈക്കിൾ പാതയുമുണ്ടാകും. നിർദിഷ്ട പദ്ധതിക്കായി മുനമ്പം ഭാഗത്ത് 53 സെന്റ് സ്ഥലവും അഴീക്കോട് ഭാഗത്ത് ഫിഷറീസ് വകുപ്പിന്റെ ഭൂമി ഉൾപ്പെടെ 106 സെന്റ് സ്ഥലവും ഏറ്റെടുത്തു. നിലവിൽ കായൽ ഭാഗത്തെയും പൈലിംഗ് പ്രവൃത്തികളിൽ 60 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളതിന്റെ നിർമ്മാണ പ്രവർത്തനം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. ആകെ 196 പൈലുകളിൽ 126 എണ്ണം പൂർത്തിയാക്കി. 34 പൈൽ ക്യാപുകളിൽ 13 എണ്ണത്തിന്റെയും 55 തൂണുകളിൽ 20 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയാക്കി. മുനമ്പം ഭാഗത്തെ പൈലിംഗ് പ്രവൃത്തി പുരോഗമിക്കുന്നു. അഴീക്കോട് മുനമ്പം പാലം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2017ലാണ് ഭരണാനുമതിയായത്. തുടർ നടപടികൾ പൂർത്തിയാക്കി 2023 ൽ നിർമ്മാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. നിലവിൽ അഴീക്കോട് ഭാഗത്തെ പൈലിംഗ് പ്രവൃത്തികളും, തൂണുകളുടെ നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിച്ചിട്ടുണ്ട്. പുരാതന മുസിരിസ് തുറമുഖ നഗരത്തിന്റെ പ്രവേശന കവാടത്തിലാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പാലം നിർമ്മിക്കുന്നത്. കോൺക്രീറ്റിംഗ് പ്രവൃത്തി കാണാൻ ഇ.ടി.ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരെത്തി.

എറണാകുളം തൊട്ടടുത്ത്


പാലം പൂർത്തിയായാൽ എറണാകുളവുമായുള്ള അകലം 25 കിലോമീറ്ററായി ചുരുങ്ങും. അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച്, മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങൾ, തോമാശ്ലീഹ കാലുകുത്തിയതെന്ന് വിശ്വസിക്കുന്ന അഴീക്കോട് മാർത്തോമ തീർത്ഥകേന്ദ്രം, ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളിൽ വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിലെത്താം.