തൃപ്രയാർ: സംസ്ഥാന കായകൽപ് അവാർഡ് വലപ്പാട് സാമൂഹികാര്യോഗ്യ കേന്ദ്രത്തിന് ലഭിച്ചു. സർക്കാർ ആശുപത്രികളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയായിരുന്നു അവാർഡ് നൽകിയത്. സംസ്ഥാനത്തെ ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയിരുന്നു.
90.6 ശതമാനം മാർക്ക് നേടിയാണ് വലപ്പാട് സാമൂഹിക ആരോഗ്യേന്ദ്രം ഒന്നാം സ്ഥാനം നേടിയത്. നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ആശുപത്രി സൂപ്രണ്ട് ഡോ. നസീമയെയും മറ്റു ജീവനക്കാരെയും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അഭിനന്ദിച്ചു. പ്രസിഡന്റ് കെ.സി. പ്രസാദ്, സി.ആർ. ഷൈൻ, കല ടീച്ചർ, ലിന്റോ സുഭാഷ്, സെക്രട്ടറി റെജികുമാർ എക്‌സിക്യൂട്ടിവ് എൻജിനിയർ നയന ജോസ് എന്നിവർ സംബന്ധിച്ചു.
തീവ്രപരിചരണ വിഭാഗം, ദന്ത വിഭാഗം, ഫിസിയോതെറാപ്പി, കമ്പ്യൂട്ടറൈസ്ഡ് എക്‌സ്‌റേ, കുറഞ്ഞ ചിലവിൽ നടത്തുന്ന 52 ഓളം രക്ത പരിശോധനകൾ, അത്യാധുനിക ലാബ് സൗകര്യം, കൗമാര്യ വാർദ്ധക്യ ക്ലിനിക്കുകൾ, ജീവിതശൈലി രോഗ നിർണയ ക്യാമ്പുകൾ, രോഗപ്രതിരോധ കുത്തിവയ്പുകൾ, മാനസിക ആരോഗ്യ ക്ലിനിക്കുകൾ തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ആശുപത്രിയിലുള്ളത്.