വടക്കാഞ്ചേരി : പഞ്ചാരിമേള അരങ്ങേറ്റത്തിൽ നാലു വയസുകാരി അനാമിക തീർത്തത് പുത്തൻ വിസ്മയം. മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ നടന്ന പഞ്ചാരിമേള അരങ്ങേറ്റത്തിലാണ് അസുര വാദ്യത്തിൽ താരം വിസ്മയം തീർത്തത്. മേളകലാകാരനും നിരവധി ശിഷ്യസമ്പത്തിനുടമയുമായ മച്ചാട് രഞ്ജിത്തിന്റെ മകളാണ് അനാമിക. ഗുരുവായ രജ്ഞിത്തിനൊപ്പം മൂന്നാം കാലത്തിൽ താളമിട്ടപ്പോൾ മേള കലാകാരന്മാരായ അമ്മ മിഥിലയും, മുത്തച്ഛൻ മച്ചാട് ഉണ്ണിയും കൂട്ടരും വലന്തയിൽ പുറകിൽ നിന്നു. പഠനം പൂർത്തീകരിച്ച ഏറ്റവും പുതിയ നിരയിൽ പതിനൊന്നു പേരാണ് അരങ്ങേറ്റം കുറിച്ചത്. വി. കെ. ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയും, വനിതാ കമ്മീഷൻ മുൻ അംഗവും നെന്മറ എൻ.എ.എസ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. കെ.എ തുളസി മച്ചാട് രജ്ഞിത്തിനെയും, മച്ചാട് ഉണ്ണിയെയും ആദരിച്ചു. രഘു പാലിശ്ശേരി, എ.സി.കണ്ണൻ, സുരേഷ് എമ്പ്രാതിരി എന്നിവർ പങ്കെടുത്തു.