jyothi

തൃശൂർ: രാമായണ കഥ പറയുന്ന തോൽപ്പാവകൾക്കൊപ്പം ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എ.ഐ) പ്രവർത്തിക്കുന്ന പാവകളും വേദികളിലെത്തും. തോൽപ്പാവക്കൂത്ത് അവതരണത്തിൽ അരനൂറ്റാണ്ടുകാലത്തെ പാരമ്പര്യമുള്ള രാമചന്ദ്ര പുലവരുടെ നേതൃത്വത്തിലുള്ള ഷൊർണൂർ കൂനത്തറ തോൽപ്പാവക്കൂത്ത് കലാകേന്ദ്രമാണ് പരീക്ഷണത്തിന് പിന്നിൽ. ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സാങ്കേതിക സഹായവുമായി ഒപ്പമുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ ഐ.എഫ്.എഫ്.കെ ലോഗോയായ ലങ്കാലക്ഷ്മിയെ എ.ഐ സഹായത്തോടെ അവതരിപ്പിച്ചു. വിജയിച്ചതോടെ രാമായണ കഥാപാത്രങ്ങളെയും അവതരിപ്പിക്കാനാകുമെന്ന ആത്മവിശ്വാസമായി. കഥാപാത്രങ്ങളുടെ ചലനം, മുദ്രകൾ, കഥാസന്ദർഭം തുടങ്ങിയവ രാമചന്ദ്രപുലവരും തോൽപ്പാവക്കൂത്ത് കലാകാരനായ മകൻ രാജീവ് പുലവരും പറഞ്ഞുകൊടുക്കും. അതനുസരിച്ച് കോഡിംഗ് നടത്തിയാണ് എ.ഐയും റോബോട്ടിക്‌സും സമന്വയിപ്പിക്കുക.

തനതു കലയുടെ എല്ലാ മനോഹാരിതയും ഉൾക്കൊള്ളിച്ച് വിദ്യാർത്ഥികളായ നവനീത് നളേഷ്, പി.ആർ. ദേവദത്ത്, കിഷോർ വി. ഗോപാൽ, അദ്ധ്യാപകരായ ക്രിസ്റ്റി വി. വാഴപ്പിള്ളി, കെ.എം. അർജുൻ എന്നിവരുടെ നേതൃത്വത്തിലാണ് പൂർണമായും ഓട്ടോമേറ്റഡായ തോൽപ്പാവക്കൂത്ത് രൂപകല്പന ചെയ്യുന്നത്. അനുഷ്ഠാന കലാരൂപമായ തോൽപ്പാവക്കൂത്ത് രാമ രാവണ യുദ്ധകഥ പറയുന്നു. മുമ്പ് ഏഴുമുതൽ 71 ദിവസംവരെ ഭദ്രകാളി ഭഗവതി ക്ഷേത്രങ്ങളിൽ തുടർച്ചയായി അവതരിപ്പിച്ചിരുന്നു.

പഞ്ചതന്ത്രം കഥകളും

അന്യം നിന്നുപോകുന്ന കലകളെ വരുംതലമുറയ്ക്ക് പുതുസാങ്കേതിക വിദ്യയിലൂടെ പകർന്ന് നൽകുന്ന ഈ പ്രോജക്ടിൽ ജ്യോതി എൻജിനിയറിംഗ് കോളേജിലെ ഇന്നൊവേഷൻ സെല്ലും, കാറ്റ്‌പെന്റർ ചെയർമാൻ ജോസ് കാട്ടൂക്കാരനും പങ്കാളിയാണ്. പഞ്ചതന്ത്രം കഥകളും ഇത്തരത്തിൽ ജനങ്ങളിലെത്തിക്കാനാണ് ശ്രമം.