ചാലക്കുടി: നിർമ്മാണം എങ്ങുമെത്താതെ അതിരപ്പിള്ളിയിലെ യാത്രി നിവാസ്. അതിരപ്പിള്ളിയിലെ വിനോദ സഞ്ചാരത്തിന് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നിർമ്മാണം തുടങ്ങിയ കെ.ടി.ഡി.സിയുടെ യാത്രി നിവാസിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇഴഞ്ഞ് നീങ്ങുന്നത്. അതിരപ്പിള്ളി എസ് കർവിന് സമീപത്താണ് അഞ്ച് നില കെട്ടിടം ഉയരുന്നത്. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്താണ് കാരണമായി കാരാറുകാർ ചൂണ്ടിക്കാട്ടുന്നത്.
കടകംപള്ളി സുരേന്ദ്രൻ വകുപ്പ് മന്ത്രിയായിരിക്കെ 2017ലാണ് പത്ത് കോടി രൂപ ചെലവ് പ്രതീക്ഷിച്ച അഞ്ച് നില കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. ആദ്യഘട്ടത്തിൽ ഇതിന് 5 കോടി രൂപയും അനുവദിച്ചു. പിറ്റേ വർഷത്തെ പ്രളയം നിർമ്മാണ പ്രവർത്തനത്തെ ബാധിച്ചു.
ഇന്റീരിയൽ പ്രവർത്തി, ലിഫ്റ്റ് എന്നിവ ഉൾപ്പെടുന്ന രണ്ടാം ഘട്ട നിർമ്മാണത്തിന് 2022 ലാണ് അഞ്ച് കോടി രൂപ കൂടി അനുവദിച്ചത്. പെയിന്റിംഗ്, ഫർണീഷിംഗ് എന്നിവ ഉൾപ്പെടുന്ന മൂന്നാം ഘട്ട നിർമ്മാണത്തിന് ഇനിയും 3 കോടി രൂപ കൂടി ലഭ്യമാകണം. ട്രഷറി പ്രശ്‌നത്തിൽ കുടുങ്ങി അനുവദിച്ചതിൽ 3 കോടി രൂപ ഇനിയും കാരാറുകാരായ സിൽക്കിന് ലഭിച്ചിട്ടില്ല.
കുറഞ്ഞ ചെലവിൽ താമസം
അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ കുറഞ്ഞ ചെലവിൽ മുറികൾ ലഭിക്കുന്നതാണ് യാത്രി നിവാസിന്റെ പ്രത്യേകത. ഭൂഗർഭ ഹാളടക്കം 6 നിലകൾ. ഏറ്റവും മുകളിലെ നിലയിൽ നിന്ന് അതിരപ്പിള്ളി വെള്ളച്ചാട്ടം വീക്ഷിക്കാം. ഏറ്റവും താഴെ ഓഫീസ്, കിച്ചൺ മുറികൾ, പാർക്കിംഗ്,ചെറുതും വലുതുമായ 2 കോൺഫ്രൻസ് ഹാളുകൾ എന്നിവയാണ് യാത്രി നിവാസിന്റെ രൂപ ഘടന.
പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം കെട്ടിട പൂർത്തീകരണത്തിന് ഫണ്ട് ലഭ്യമാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.എം.എൽ.എ സനീഷ്‌കുമാർ ജോസഫ്.