തൃശൂർ: വേണ്ടത്ര സുരക്ഷാ നടപടികൾ ഇല്ലാതെയും ജനങ്ങൾക്ക് മതിയായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകാതെയും പീച്ചി ഡാം ഷട്ടർ തുറക്കാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച് സംഭവസ്ഥലത്ത് നിന്ന് മാറിനിന്ന് കൃത്യ വിലോപം നടത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥരുടെ കൃത്യവിലോപം മൂലം ജനങ്ങൾക്കും, കർഷകർക്കും വലിയ നാശമാണ് ഉണ്ടായത്. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിക്കും കളക്ടർക്കും പരാതി നൽകാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് രാഹുൽ വി. നായർ അദ്ധ്യക്ഷനായി. ആൻഡേഴ്‌സൺ സണ്ണി, ജോയ് ടി.ഡി, നാരായണൻ നായർ, സാദ്ദിഖലി മരയ്ക്കാർ , എം.എൽ. വനജാക്ഷി എന്നിവർ സംസാരിച്ചു.