തൃശൂർ: പണി പൂർത്തിയാകാത്ത റോഡിൽ ടോൾ നൽകേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്ന പാലിയേക്കര ടോൾപ്ലാസ അധികൃതർക്കെതിരെ വാറന്റ്. തൃശൂർ സ്വദേശി ജോർജ് തട്ടിൽ സമർപ്പിച്ച ഹർജിയിൽ തൃശൂർ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി മാനേജിംഗ് ഡയറക്ടർക്കും എറണാകുളത്തെ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനുമെതിരെ വാറന്റ് പുറപ്പെടുവിച്ചത്.
പണികൾ പൂർത്തിയാക്കാത്ത റോഡിൽ യാത്ര ചെയ്തതിന് ടോൾ നൽകേണ്ടിവന്നുവെന്നും വ്യക്തമല്ലാത്ത രശീതി നൽകിയെന്നും ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ 10,000 രൂപ നഷ്ടപരിഹാരം നൽകാനും ആവശ്യമായ വിവരം അടങ്ങുന്ന തെളിച്ചമുള്ള ബില്ലുകൾ ഒരു മാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നുമായിരുന്നു വിധി. എന്നാൽ വിധിപ്രകാരമുള്ള നഷ്ടപരിഹാരത്തുക കമ്പനി നൽകിയില്ല. കോടതി പറഞ്ഞ സമയപരിധിക്ക് ശേഷം ടോൾ നൽകി യാത്ര ചെയ്ത ജോർജിന് തെളിച്ചമില്ലാത്ത രശീതി തന്നെയാണ് ലഭിച്ചത്. രശീതി ഹാജരാക്കി, നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഉപഭോക്തൃകോടതി പ്രസിഡന്റ് സി.ടി. സാബു അംഗങ്ങളായ എസ്. ശ്രീജ, ആർ. റാംമോഹൻ എന്നിവർ പൊലീസ് മുഖേന വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.
വിധി ലംഘിച്ചാൽ
3 വർഷം വരെ തടവ്
ലക്ഷം രൂപ പിഴ
നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകരുതെന്ന് ടാജറ്റ്
തൃശൂർ : കരാർ ലംഘനത്തിന് പാലിയേക്കര ടോൾ കമ്പനിക്ക് 2128.72 കോടി എൻ.എച്ച്.എ.ഐ പിഴ ചുമത്തിയ സാഹചര്യത്തിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് വർദ്ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം സർക്കാർ തടയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു. ഈ ആവശ്യം കാട്ടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും, പൊതുമരാത്ത് സെക്രട്ടറിക്കും കളക്ടർക്കും കത്ത് നൽകി. പ്രവൃത്തികൾ ചെയ്ത് തീർക്കാത്തതിനാൽ കരാർ ലംഘനത്തിന് ജൂൺ 30 വരെ 2128.72 കോടി രൂപ പിഴ ചുമത്തി, കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി കരാറിൽ നിന്നും പുറത്താക്കാൻ നടപടി സ്വീകരിച്ച സാഹചര്യത്തിൽ നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര അഞ്ച് ബ്ലാക്ക് സ്പോട്ടുകളിലെ അടിപാത മാത്രമാണ് പണി ആരംഭിച്ചിട്ടുള്ളത്. മറ്റ് പ്രവൃത്തികൾ ഒന്നും ചെയ്തു തീർക്കാതെ നിരക്ക് വർദ്ധിപ്പിക്കാൻ അനുവദിക്കരുതെന്ന് കാട്ടി ഈ വർഷത്തെ നിരക്ക് വർദ്ധനവ് തടയാൻ ബോധിപ്പിച്ച ഹർജി ഈ ആഴ്ച്ച വിചാരണയ്ക്ക് വരുമെന്നും അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു.