കൊടുങ്ങല്ലൂർ: ഇ- സ്റ്റാമ്പ് പദ്ധതിയിലെ അനിശ്ചിതത്വം മൂലം മുദ്രപത്രത്തിന് കടുത്ത ക്ഷാമം. ചെറിയ വിലയുള്ള മുദ്രപത്രങ്ങൾക്കാണ് കൂടുതൽ ക്ഷാമം. 10, 20, 50,100, 200 രൂപയുടെ മുദ്രപത്രങ്ങൾ തീരെ കിട്ടാനില്ല. ആഗസ്റ്റ് ഒന്നു മുതൽ മുദ്രപത്രങ്ങൾ ഉപേക്ഷിച്ച് ഇ- സ്റ്റാമ്പ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ നീക്കം നടത്തിയിരുന്നു. അതിനാൽ ഏതാനും മാസങ്ങൾക്ക് മുൻപേ മുദ്രപത്രങ്ങളുടെ അച്ചടി സർക്കാർ നിറുത്തിയതാണത്രെ ക്ഷാമത്തിന് കാരണം.

ഇ- സ്റ്റാമ്പ് പദ്ധതി നടപ്പാക്കുന്നത് പാളിയതോടെ സാധാരണക്കാർ ദുരിതത്തിലായി. കരാർ പത്രം, ജനന, മരണ സർട്ടിഫിക്കറ്റുകൾ, എൽ.ഐ.സിക്ക് ആവശ്യമായ രേഖ സമർപ്പണം, നോട്ടറി ആവശ്യങ്ങൾ, ലൈഫ് വീടുകളുടെ എഗ്രിമെന്റ്, ബാങ്ക് ലോൺ തുടങ്ങിയ ആവശ്യങ്ങൾക്ക് കുറഞ്ഞ മുദ്രപത്രമാണ് ഉപയോഗിച്ചുവരുന്നത്.

ധനകാര്യ സ്ഥാപനത്തിലെ പണമിടപാടുകൾക്ക് 200 രൂപയുടെ മുദ്രപത്രമാണ് ആവശ്യം. എന്നാൽ 500 രൂപയുടെ മുദ്രപത്രത്തിൽ കുറഞ്ഞ മുദ്രപത്രങ്ങൾ ലഭിക്കാത്തതിനാൽ 50 രൂപയ്ക്ക് പകരം 500 രൂപയുടെ മുദ്രപത്രം വാങ്ങേണ്ടിവരുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അഞ്ഞൂറും ആയിരവും ഇല്ലാതെ വരുമ്പോൾ 5000 രൂപയുടെ മുദ്രപത്രം വരെ വാങ്ങേണ്ടി വരുന്നുണ്ട്.

ഇ- സ്റ്റാമ്പ് പാളി, ആധാരം എഴുത്തുകാരും പെട്ടു

ഇ- സ്റ്റാമ്പ് സംവിധാനം പാളിപ്പോയതും മുദ്രപത്രം കിട്ടാതെയായതുമാണ് ജനങ്ങളെ വലയ്ക്കുന്നത്. മുദ്രപത്രക്ഷാമം ആധാരം എഴുത്തുകാരുടെ തൊഴിലിനെയും ബാധിക്കാനിടയുണ്ടെന്ന് ആശങ്കയുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും പഠനാവശ്യത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെയും മുദ്രപത്ര ക്ഷാമം ബാധിച്ചിട്ടുണ്ട്. ഇതുമൂലം അഫിഡവിറ്റ്, സമ്മതപത്രം, ഡിക്ലറേഷൻ തുടങ്ങിയവ ബോധിപ്പിക്കാനാകുന്നില്ലെന്നാണ് പരാതി.

മുദ്രപത്രക്ഷാമം പരിഹരിക്കുന്നതുവരെയും അഡ്ഹസീവ് സ്റ്റാമ്പ് ഉപയോഗിക്കുന്നതിനുള്ള അനുവാദം ലഭിക്കണം. കുറഞ്ഞ രൂപയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കുന്നത് നോട്ടറി സാക്ഷിപ്പെടുത്തേണ്ട രേഖകളായതിനാൽ ഇ- സ്റ്റാമ്പിംഗ് ലഭിക്കുന്നതിന് ഓൺലൈനിൽ പോർട്ടൽ അനുവദിക്കണം.

- അഡ്വ. അബ്ദുൽ കാദർ കണ്ണേഴത്ത്, ആൾ കേരള നോട്ടറി അഡ്വക്കേറ്റ്‌സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി