തൃശൂർ: കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ റാങ്കിംഗിൽ ഉൾപ്പെടാതെ വെറ്ററിനറി സർവകലാശാല. കഴിഞ്ഞ രണ്ട് തവണ അപേക്ഷിച്ചെങ്കിലും നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) പട്ടികയിൽ ഉൾപ്പെട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങളാണ് കാരണമെന്നും ഇത് പരിശോധിക്കുമെന്നും സർവകലാശാല അധികൃതർ പറഞ്ഞു. അതേസമയം കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല എന്നിവയുടെ റാങ്ക് കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ കുറഞ്ഞു. പതിനഞ്ചിൽ നിന്ന് പതിനാറായാണ് കാർഷിക സർവകലാശാല റാങ്ക് കുറഞ്ഞത്. ഫിഷറീസ് സർവകലാശാലയുടേത് ഇരുപത്തഞ്ചിൽ നിന്ന് മുപ്പതായി. ഇത് പരിശോധിച്ച് അടുത്ത വർഷം റാങ്കിംഗ് ഉയർത്തുമെന്ന് (കുഫോസ്) അധികൃതർ പറഞ്ഞു.
രാജ്യത്തിനകത്തും വിദേശത്തും റാങ്കിംഗിലൂടെയാണ് സ്ഥാപനം വിലയിരുത്തപ്പെടുക. പ്രവേശനത്തിന് പ്രത്യേകിച്ചും വിദേശ വിദ്യാർത്ഥികൾ റാങ്കിംഗ് നോക്കും. മികച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികളും അങ്ങനെതന്നെ. ഫണ്ടിംഗ് ഏജൻസികൾ പ്രൊജക്ടുകൾക്ക് പണം അനുവദിക്കുന്നത് റാങ്ക് നോക്കിയാണ്. കമ്പനികളും മറ്റുമായി ധാരണാപത്രം ഒപ്പിടുന്നതിലും സി.എസ്.ആർ ഫണ്ട് ലഭിക്കുന്നതിലും റാങ്കിംഗ് പ്രധാനമാണ്.
റാങ്കിംഗ് മാനദണ്ഡങ്ങളിൽ ചിലവ
അദ്ധ്യാപനം, ഗവേഷണം
തൊഴിൽപരിശീലനം
ബിരുദധാരികളുടെ എണ്ണം
വിദ്യാഭ്യാസ വ്യാപനം
അഞ്ച് മേഖലകളിൽ നാലിലും ഫിഷറീസ് സർവകലാശാല മുമ്പിലെത്തി. അടുത്ത വർഷം റാങ്കിംഗ് ഉയർത്തും.
ഡോ.ടി.പ്രദീപ്കുമാർ
വി.സി, കുഫോസ് .