pu
ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങൾ

ചേലക്കര: ഒന്നരക്കോടിയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ നിറഞ്ഞ് ചെറുതുരുത്തി പൊലീസ് സ്റ്റേഷൻ. ചെറുതുരുത്തി പൊലീസിന്റെ നേതൃത്വത്തിൽ ആറ് മാസത്തിനിടയിൽ നടത്തിയ രണ്ട് ലഹരി മരുന്ന് വേട്ടകളിലാണ് 300ൽ അധികം ചാക്ക് പിടിച്ചെടുത്തത്. മേയ് 14, 15 ദിവസങ്ങളിലായി ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും കാറിൽ കടത്തുകയായിരുന്ന അഞ്ച് ലക്ഷത്തിന്റെ ലഹരി ഉത്പന്നങ്ങളും മായന്നൂർ, ഒറ്റപ്പാലം, പത്തിരിപ്പാല എന്നീ ഗോഡൗണിൽ നിന്നായി 80 ലക്ഷത്തിന്റെ ഹാൻസ് പാക്കറ്റുമാണ് പിടിച്ചത്. ഇവയെല്ലാം

ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം ഇതെല്ലാം നശിപ്പിച്ചു കളയുന്നതിന് കോടതിയും സർക്കാരും ഉത്തരവിട്ടു. ഇന്നലെ പള്ളം പള്ളിക്കൽ കോഴിഫാമിന്റെ മറവിൽ സൂക്ഷിച്ചിരുന്ന 150 ഓളം ചാക്കുകളിൽ നിന്ന് 57 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ഇത് കഴിഞ്ഞദിവസം വൈകിട്ട് രണ്ട് ടിപ്പറിലായി ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന പ്രതികൾക്ക് ഒരു ദിവസം പോലും ജയിലിൽ കഴിയേണ്ടതില്ലെന്നും കോടതിയിൽ നിന്നും ജാമ്യം ലഭിക്കുകയും ശിക്ഷ പിഴ മാത്രമാകുന്നതുമാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം വർദ്ധിക്കാൻ ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്.

കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് ലഭിച്ചത്. ഇവ കത്തിച്ചുകളയുന്നതിന് അനുയോജ്യമായ സ്ഥലം വേണം. ജനവാസം കുറഞ്ഞ മേഖല ഉടൻ കണ്ടെത്തും.
എസ്. ഐ ചെറുതുരുത്തി പൊലീസ്‌ സ്റ്റേഷൻ