മൂന്നുപീടിക: എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിൽ 674 പോയിന്റ് നേടി തൃശൂർ ഡിവിഷനും വടക്കാഞ്ചേരി ഡിവിഷനും ഒന്നാം സ്ഥാനം പങ്കിട്ടു. 598 പോയിന്റുകൾ നേടി കയ്പമംഗലം ഡിവിഷൻ രണ്ടാം സ്ഥാനവും 581 പോയിന്റുകളോടെ ചാവക്കാട് ഡിവിഷൻ മൂന്നാം സ്ഥാനവും നേടി. ക്യാമ്പസ് വിഭാഗത്തിൽ ഗവ. മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും തൃശൂർ ശ്രീ കേരള വർമ്മ കോളേജ് മൂന്നാം സ്ഥാനവും നേടി. സർഗപ്രതിഭയായി എൻ.എ മുഹമ്മദ് ഉനൈസിനേയും കലാപ്രതിഭയായി തൃശൂർ മുഹമ്മദ് അജ്‌സലിനെയും തെരഞ്ഞെടുത്തു. വിജയികൾ ആഗസ്റ്റ് 26 ന് മഞ്ചേരിയിൽ നടക്കുന്ന കേരള സാഹിത്യോത്സവിൽ പങ്കെടുക്കും.
സാഹിത്യോത്സവ് സമാപന സമ്മേളനം റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹുസൈൻ ഫാളിലി എറിയാട് അദ്ധ്യക്ഷനായി. ജാഫർ ചേലക്കര, പി.കെ. ബാവ ദാരിമി, ഷാഹുൽ ഹമീദ് പെരിങ്ങോട്ടുകര, ഇ.കെ. മുസ്തഫ, സയ്യിദ് ശിഹാബ് തങ്ങൾ തളിക്കുളം എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സാഹിത്യോത്സവ് നഗരിയിൽ സജ്ജീകരിച്ച സ്മാർട്ട് വയനാട് കളക്‌ഷൻ പോയിന്റ് മുൻ എം.പി ടി.എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഇല്ല്യാസ് സഖാഫി കൂമണ്ണ, ഇയാസ് പഴുവിൽ, ഹാരിസ് ചേർപ്പ് എന്നിവർ സംസാരിച്ചു.