തൃശൂർ: ചുമതലയേറ്റതിന് പിന്നാലെയുണ്ടായ ശക്തമായ മഴയെയും വെള്ളക്കെട്ടിനേയുമെല്ലാം തുടർന്ന് ഏറെക്കാര്യങ്ങൾ പഠിച്ചെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. തൃശൂർ പ്രസ് ക്‌ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലായിടത്തും ഓടിയെത്താനായി. ദുരിതത്തിൽ ഉൾപ്പെട്ടവർക്കുള്ള സഹായം നൽകാനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങി. വീടും കൃഷിയും നശിച്ചവർക്കും കന്നുകാലികൾ നഷ്ടപ്പെട്ടവർക്കുമാണ് സഹായം നൽകുന്നത്. പ്രത്യേക മേഖലയ്ക്ക് ഊന്നലില്ല. എല്ലാ മേഖയിലും എത്തണം.
പീച്ചി അണക്കെട്ട് തുറന്നതിലെ അപാകതയെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് ഉടൻ ലഭിക്കും. കനത്ത മഴയെ തുടർന്നാണ് അണക്കെട്ട് തുറന്നത്. പതിനായിരത്തോളം വീടുകളിൽ വെള്ളം കയറി. 43 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. ഈ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഇല്ലായിരുന്നു. അണക്കെട്ട് കവിഞ്ഞ് വെള്ളമൊഴുകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡാം തുറന്നത്. അഴുക്കുചാൽ വൃത്തിയാക്കുക, തോടുകളിലെ തടസം നീക്കുക തുടങ്ങിയ കാര്യങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ട്. മുൻകരുതൽ എടുത്തിരുന്നെങ്കിൽ നഷ്ടം കുറയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഒ.രാധിക അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു, അരുൺ എഴുത്തച്ഛൻ എന്നിവർ പങ്കെടുത്തു.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കും
കേരളത്തിലെ ഏറ്റവും മോശമായ റോഡാണ് തൃശൂർ - കുറ്റിപ്പുറം റോഡ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി. 59 ലക്ഷം അറ്റകുറ്റപ്പണിക്ക് അനുവദിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. ഈ മാസം ടെൻഡർ നടപടി പൂർത്തിയാകുമെന്നും ജോലി തുടങ്ങിയാൽ ആറ് മാസത്തിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന് കെ.എസ്.ടി.പി ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് പണത്തിന്റെ അപര്യാപ്തതയുണ്ട്.
കുട്ടികളെ കൈവിടില്ല
കുട്ടികൾക്കൊപ്പം എപ്പോഴുമുണ്ടാകും. മുൻ കളക്ടർമാർ നടപ്പാക്കിയ പരിപാടികൾ തുടരും. ടൂറിസം, കായികം, തീരദേശ വികസനം എന്നിവയ്‌ക്കെല്ലാം പരിഗണന നൽകുകയാണ് ലക്ഷ്യം. 'ടു ഗെദർ തൃശൂർ' പോലെ പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകുന്ന പദ്ധതികൾ തുടരും. സ്‌കൂൾ വിദ്യാർത്ഥികളെ കളക്ടറേറ്റ് സന്ദർശിക്കാൻ ക്ഷണിക്കുന്ന പദ്ധതി ആലോചിക്കുന്നുണ്ട്. ഇതിന് അടുത്തയാഴ്ച തുടക്കം കുറിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ഓണാഘോഷം വേണ്ടെന്ന് വച്ചതിനാൽ കോർപ്പറേഷന്റെയടക്കം പണം വിനിയോഗിക്കുന്നതിൽ തടസമുണ്ടാകും.
മലകയറ്റം ഇനി പദവി ഒഴിഞ്ഞ ശേഷം
പർവതാരോഹണം ഇഷ്ടമാണെങ്കിലും ഇനി കളക്ടറുടെ ചുമതല ഒഴിഞ്ഞിട്ടേ അതേപ്പറ്റി ആലോചിക്കൂ. ഏഴ് പർവതങ്ങളും കയറണമെന്നാണ് ആഗ്രഹം. സർവീസിലെത്തിയശേഷം പരിശീലനത്തിന്റെ ഭാഗമായാണ് ട്രക്കിംഗ് നടത്തിയത്. കിളിമഞ്ചാരോ, എൽബ്രസ് എന്നിവ കീഴടക്കി. ജനുവരിയിൽ അക്കൗൺകൂഗ കീഴടക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർവീസിൽ കയറിയ ശേഷമാണ് മലകയറ്റം ആരംഭിച്ചത്. ഞാൻ ജനിച്ചതും വളർന്നതും മലനിരകളുള്ള ഇടുക്കിയിലാണ്. സ്‌കൂളിൽ പോകാനും മറ്റും ഏറെ നടക്കാനുണ്ട്. പരിശീലനത്തിന്റെ ഭാഗമായാണ് ട്രക്കിംഗ് നടത്തിയത്.അർജുൻ പാണ്ഡ്യൻ