കൊടുങ്ങല്ലൂർ: മുനമ്പം ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ കരയിലെത്തിച്ചു. എൻജിൻ തകരാറിനെത്തുടർന്ന് കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ (30 കിലോമീറ്റർ) അകലെ അറപ്പക്കടവ് പടിഞ്ഞാറ് കടലിൽ എസ്.എൽ.വി എന്ന ഇൻബോഡ് വള്ളം കുടുങ്ങുകയായിരുന്നു.

എറണാകുളം മട്ടാഞ്ചേരി സ്വദേശി സോമനാഥ പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ പള്ളിപ്പുറം സ്വദേശികളായ 39 മത്സ്യത്തൊഴിലാളികളും ഉണ്ടായിരുന്നു. ശക്തമായ തിരമാലയും കാറ്റും ഉണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് 12 ഓടെയാണ് വിവരം അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.എം.എഫ് പോളിന്റെ നിർദ്ദേശാനുസരണം മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ പ്രശാന്ത്കുമാർ വി.എൻ, ഷനിൽകുമാർ ഐ.ആർ, ഷൈബു എം, റസ്‌ക്യൂ ഗാർഡുമാരായ, പ്രമോദ് സി.എൻ, റെഫീക്ക് ടി.എൻ, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എൻജിൻ ഡ്രൈവർ റോക്കി എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.