വടക്കാഞ്ചേരി: മാരാത്ത്കുന്ന് അകമല പട്ടാണിക്കാട് വനാതിർത്തിയോട് ചേർന്ന് ആരംഭിച്ച തെരുവ് നായ് സംരക്ഷണകേന്ദ്രം നടത്തിപ്പ് ചുമതലയുള്ള വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി ( വഫ ) സി.ഇ.ഒ കെ.വിവേക് നഗരസഭയ്ക്ക് നൽകിയ ലൈസെൻസ് അപേക്ഷിൽ മൂന്ന് ആഴ്ചക്കുള്ളിൽ തീരുമാനമെടുത്ത് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്. കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി നോട്ടീസും സ്റ്റോപ്പ് മെമ്മോയും നൽകിയതിന് പിന്നാലെ കേന്ദ്രത്തിന്റെ പ്രവർത്തനം നിയമാനുസൃതമാണെന്ന് അവകാശപ്പെട്ട് കെ.വിവേക് സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല വിധി. 2022 ൽ രജിസ്റ്റർ ചെയ്ത സ്ഥാപനം പൂർണമായും ചാരിറ്റി പ്രവർത്തനമാണ് നടത്തുന്നതെന്നും വന്യജീവി സംരക്ഷണത്തോടൊപ്പം തെരുവ് നായ് പരിപാലനവും ഏറ്റെടുക്കുന്നതായും ചൂണ്ടികാട്ടിയാണ് വഫ ഹർജി നൽകിയത്. വടക്കാഞ്ചേരിയിൽ ഒരു നിയമ ലംഘന പ്രവർത്തനവും നടത്തിയിട്ടില്ലെന്നും വാദിച്ചു. 130 ഓളം നായ്ക്കളാണ് കേന്ദ്രത്തിലുള്ളത്. വഫക്ക് വേണ്ടി അഭിഭാഷകരായ ഗായത്രി മുരളീധരൻ,പി.ആരതി, ബി. അർച്ചന എന്നിവർ ഹാജരായി.