ഇരിങ്ങാലക്കുട: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങൾ കുറച്ച് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറുമെന്ന് എടക്കുളം ശ്രീനാരായണ ഗുരു സ്മാരക സംഘം ഭാരവാഹികൾ. 20ന് നടക്കുന്ന ഗുരുജയന്തി ആഘോഷത്തിൽ പ്രാദേശിക ഘോഷയാത്രകൾ ഒഴിവാക്കി വൈകിട്ട് നാലിന് ലളിതമായി സംയുക്ത ഘോഷയാത്ര നടത്തും. രാവിലെ ഒമ്പതിന് ആസ്ഥാന മന്ദിരത്തിൽ പതാക ഉയർത്തും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കരുതിവച്ച സംഭാവനകൾ സമാഹരിച്ച് ദുരിതാശ്വാസനിധിയിലേക്കായി മന്ത്രിക്ക് കൈമാറുമെന്നും ഭാരവാഹികളായ കെ.വി. ജിനരാജദാസൻ, സി.പി. ഷൈലനാഥൻ, വി.സി. ശശിധരൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.