കൊടകര : ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി. കെ.എസ്.ആർ.ടി.സി മാള ഡിപ്പോയിലെ ഡ്രൈവർ പവിത്രനെയാണ് (52) വഴിയമ്പലം സ്വദേശി രഞ്ജിത് (27) മർദ്ദിച്ചത്. മെഡിക്കൽ കോളേജിൽ നിന്ന് മാളയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിൽ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കൊടകര കഴിഞ്ഞ ഉടനെ ബസിനെ മറികടന്ന് ബൈക്ക് നിറുത്തി രഞ്ജിത് അനാവശ്യം വിളിക്കുകയും, ആളെ ഇറക്കാനായി വഴിയമ്പലത്ത് സ്‌റ്റോപ്പിൽ നിറുത്തിയ ഉടനെ വാതിലിലൂടെ കയറിവന്ന് ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു. ഡ്രൈവറുടെ പരാതി പ്രകാരം കൊടകര പൊലീസ് കേസെടുത്തു. ഡ്രൈവർ പവിത്രനെ മാള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി രഞ്ജിത്തിനെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.