njattadi

വടക്കാഞ്ചേരി : ഐശ്വര്യ നിറവിന്റെ കാർഷിക സമൃദ്ധിയിലേക്ക് വലതുകാൽ വെച്ച് നാടും പാടശേഖരങ്ങളും. മുണ്ടകൻ കൃഷിക്ക് തുടക്കമിട്ട് രംഗക്കാട് വടക്ക് പാടശേഖരത്ത് വിത്തിറക്കൽ ഉത്സവം നടത്തി. പഴയ വടക്കാഞ്ചേരി, മുണ്ടത്തിക്കോട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന വടക്കാഞ്ചേരി നഗരസഭയിൽ 30 പാടശേഖരങ്ങളിലായി 650 ഹെക്ടർ സ്ഥലത്താണ് കൃഷി. ഇന്നലെ ആരംഭിച്ച കാർഷിക കലണ്ടർ ഫെബ്രുവരി വരെ നീളും. കൃഷിഭവൻ എല്ലാ പാടശേഖരങ്ങൾക്കും സൗജന്യമായി ഉമ നെൽവിത്ത് നൽകും. വടക്കാഞ്ചേരി നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. ഇതോടൊപ്പം ഇൻഷ്വറൻസ് ചെയ്ത കർഷകർക്ക് ഉഴവുകൂലിയായി 10,000 രൂപയും ലഭിക്കും. ഒരു ഏക്കറിന് 100 രൂപയാണ് ഇൻഷ്വറൻസ് തുക. സെന്റിന് ഒരു രൂപയാണ് ഈടാക്കുക.

വിവിധ കാരണങ്ങളാൽ കൃഷിനാശം സംഭവിച്ചാൽ ഹെക്ടറിന് 35,000 രൂപ നഷ്ടപരിഹാരം ലഭിക്കും. മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ കുമ്മായവും സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും. മുൻകാലങ്ങളിൽ മൂന്നുവിളയായിരുന്നു കൃഷി. ഇപ്പോൾ മുണ്ടകൻ മാത്രമാണ് പ്രതാപത്തോടെ ചെയ്യുന്നത്. ഏതാനും പാടശേഖരങ്ങൾ വിരിപ്പുകൃഷിയിലും സജീവമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം പുഞ്ച പൂർണ്ണമായും ഉപേക്ഷിച്ചു. യന്ത്രങ്ങൾ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് മുണ്ടകനിൽ. കഴിഞ്ഞവർഷം ഡ്രോൺ ഉപയോഗിച്ച് സൂക്ഷ്മ മൂലകങ്ങളും, മറ്റും തളിച്ചിരുന്നു. ഇത്തവണയും അതുണ്ടായേക്കും.

കാർഷിക രംഗത്തേക്ക് ഇറങ്ങുന്ന കർഷകർക്ക് കൂട്ടായി കൃഷി വകുപ്പ് ഉണ്ടാകും. സമയബന്ധിതമായി എല്ലാ സാമഗ്രികളും എത്തിക്കും. വിദഗ്ദ്ധ ഉപദേശങ്ങളും ലഭ്യമാക്കും. ഒരു തുണ്ട് ഭൂമി പോലും തരിശിടാതെ കൂടുതൽ പാടശേഖരങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

ഡിബിൻ

കൃഷി ഓഫീസർ, വടക്കാഞ്ചേരി

വയലിൽ നിന്നും വെള്ളം ഊർന്നും ചോർന്നും പോകാതിരിക്കാൻ നിലം പൂട്ടി നല്ലവണ്ണം ചെളിയാക്കും. വരമ്പ് ചേറുകൊണ്ട് പൊതിയും. വിളവെടുപ്പിന് ഒരാഴ്ച മുമ്പാണ് വെള്ളം വറ്റിക്കുക. തണ്ടുതുരപ്പനെ ചെറുക്കാൻ ഞാറ്റടിയിലെ പ്രതിരോധ നടപടികൾക്കാണ് പ്രഥമ പരിഗണന. പുള്ളിക്കുത്ത് രോഗത്തിന്റെ കടന്നാക്രമണത്തിനു സാദ്ധ്യതയുള്ളതിനാൽ കുമിൾ നാശിനികൾ തളിക്കണം.

നാസർ മങ്കര
സെക്രട്ടറി
എങ്കക്കാട് പടിഞ്ഞാറെ പാട ശേഖര സമിതി