തൃശൂർ : ആയിരക്കണക്കിന് രോഗികളും അവർക്കൊപ്പം ആയിരത്തിലേറെ സ്റ്റാഫും രണ്ടായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളും അടക്കം പതിനായിരക്കണക്കിന് പേർ ദിനംപ്രതിയെത്തുന്ന മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ സുരക്ഷ ചോദ്യച്ചിഹ്നമാകുന്നു. 250 ഓളം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരോഗ്യ സർവകലാശാല ആസ്ഥാനവും മെഡിക്കൽ കോളേജും അടക്കം നിരവധി കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും പകൽ സമയത്ത് പോലും ഒറ്റയ്ക്ക് നടക്കാനാകാത്ത സ്ഥിതിയാണ്.
പല സ്ഥലങ്ങളും കാടും പടലും പിടിച്ച് കിടക്കുകയാണ്. അലുമ്‌നി ഹാളിന്റെ അടുത്തുള്ള വനം വകുപ്പിന്റെ കീഴിലുള്ള ഭാഗത്ത് കാട് വളർന്ന് പന്തലിച്ച് നിൽക്കുകയാണ്. ലേഡീസ് ഹോസ്റ്റൽ പരിസരം, ദന്തൽ കോളേജ്, മോർച്ചറി തുടങ്ങി വിവിധ വിഭാഗങ്ങളുടെ പരിസരങ്ങളും കാട് നിറഞ്ഞ നിലയിലാണ്. കഴിഞ്ഞദിവസം ഏതാനും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരിച്ചിരുന്നു.
ഇവയെല്ലാം വെട്ടിത്തെളിച്ച് കമ്പിവേലി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടും നടപടികളൊന്നുമില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള കവാടത്തിലൂടെയുള്ള വരവും തിരിച്ചുപോക്കും കൃത്യമായി രേഖപ്പെടുത്തുന്നത് പോലുമില്ല. മെഡിക്കൽ കോളേജിന് ചുറ്റുമതിൽ തന്നെയില്ല. ഭൂമിയുടെ അതിർത്തിയുമായി ബന്ധപ്പെട്ട് കേസ് നിലനിൽക്കുന്നത് അധികൃതർക്കും തലവേദനയാണ്.
വഴിവിളക്കില്ല, യാത്ര കൂരിരുട്ടത്ത്
രാത്രികാലങ്ങളിൽ ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്കും വീട്ടിലേക്കും പോകുന്നവർ കൂരിരുട്ടത്ത് വേണം യാത്ര ചെയ്യാൻ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് വഴിവിളക്കുണ്ടെങ്കിലും ലേഡീസ് ഹോസ്റ്റൽ പരിസരത്തും ക്വാർട്ടേഴ്‌സിലേക്കും പോകുന്നവർ ഭയന്നു വിറച്ചാണ് പോകുന്നത്. നിരവധി പേർ പിടിച്ചുപറിക്കും ഇരയായിട്ടുണ്ട്. ക്യാമ്പസിന്റെ കവാടം മുതൽ വിവിധ ഭാഗങ്ങളിൽ ഭീതി പരത്തി തെരുവുനായ്ക്കളുമുണ്ട്. രോഗികളെയും കൂട്ടിരിപ്പുകാരെയും ജീവനക്കാരെയും മറ്റും ആക്രമിക്കുന്നതും നിത്യസംഭവമാണ്. രാത്രികാലങ്ങളിലാണ് ഇവയുടെ ആക്രമണം കൂടുതൽ.
സി.സി.ടി.വികൾ പേരിന്
സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകൾ പേരിന് മാത്രമാണ്. വാർഡിലും മറ്റും ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. വാർഡിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെടുന്നത് നിത്യസംഭവമാണ്. ക്യാമറകൾ സ്ഥാപിച്ചാൽ ഇത്തരം സംഭവം ഒഴിവാക്കാനാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
ഐ.എം.എയുടെ കളക്ടറേറ്റ് ധർണ
കൊൽക്കത്തയിൽ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഐ.എം.എയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും സുരക്ഷിത മേഖലയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇന്നലെ മെഡിക്കൽ കോളേജിൽ പി.ജി വിദ്യാർത്ഥികൾ സമരത്തിലായിരുന്നു. ഇന്ന് ഐ.എം.എ നടത്തുന്ന സമരത്തിന് കെ.ജി.എം.സി.എ പിന്തുണ പ്രഖ്യാപിച്ചു. ഒ.പിയടക്കം ബഹിഷ്കരിച്ചുള്ള സമരമാണ്.