പ്രതിഷേധവുമായി ദളിത് കോൺഗ്രസ്
മുല്ലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള അയ്യങ്കാളി വിപണന കേന്ദ്രത്തിലെ മൂന്ന് കടമുറികളിൽ നിന്ന് ലൈസൻസികളെ ഒഴിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും നടത്തിയ ധർണ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സതീഷ് അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
ക്രിയാത്മകമായ സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെടാൻ പട്ടികജാതിക്കാരെ പ്രാപ്തരാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച പല കെട്ടിടങ്ങളും അവഗണനയിലാണെന്ന് സതീഷ് അപ്പുക്കുട്ടൻ പറഞ്ഞു. രാഷ്ട്രീയവത്കരണത്തിൽ ഇവ നശിക്കുകയാണ്. ഇതു മൂലം ഒരു ജനത മാത്രം അവശത അനുഭവിക്കുകയാണെന്നും പറഞ്ഞു.
മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീപൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിയായ പി.കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജെ. സ്റ്റാൻലി, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ. ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
വനിതാ കാന്റീനും ഒഴിപ്പിക്കുന്നുവെന്ന്
സ്വയംതൊഴിൽ സംരഭങ്ങളിലൂടെ ജീവിത നിലവാരമുയർത്താൻ 2000ലാണ് ഒൻപത് മുറികളോടെ കെട്ടിടം പണിതത്. ഈ മേഖലയിലെ പട്ടികജാതിക്കാർക്ക് മാത്രമായി പണികഴിപ്പിച്ച കെട്ടിടത്തിലെ അംഗീകൃത ലൈസൻസികളായ പട്ടികജാതിക്കാരായ കച്ചവടക്കാരെയും എസ്.സി വനിതകൾക്കുള്ള കാന്റീനുമാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് ദളിത് കോൺഗ്രസ് ആരോപിച്ചു. മതിയായ കാരണങ്ങളില്ലാതെയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുടെ ഏകപക്ഷീയമായ തീരുമാനമെന്നാണ് ആക്ഷേപം.