1

ഗുരുവായൂർ: വ്യാപാരി വ്യവസായി സംഘടനകളുടെ സഹകരണത്തോടെ നഗരസഭാ പരിധിയിൽ ഇന്നു മുതൽ ഒറ്റതവണ ഉപയോഗമുളള സാധന സാമഗ്രികളുടെ വിൽപ്പനയും ഉപയോഗവും നിരോധിച്ചു. നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കച്ചവട പ്രതിനിധികൾ, ലോഡ്ജ് ഓണേഴ്‌സ് പ്രതിനിധികൾ, കല്യാണമണ്ഡപങ്ങൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, തെരുവ് കച്ചവട വ്യാപാര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, എ. സായിനാഥൻ, നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷ്‌കുമാർ, ക്ലീൻ സിറ്റി മാനേജർ കെ.എസ്. ലക്ഷ്മണൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഒറ്റതവണ ഉപയോഗമുളള എല്ലാതരം പ്ലാസ്റ്റിക് വസ്തുക്കൾ, പ്ലാസ്റ്റിക് ക്യാരിബാഗുകൾ, പ്ലാസ്റ്റിക്, പേപ്പർ, തെർമോകോൾ എന്നിവ കൊണ്ടുളള ഗ്ലാസുകൾ, പ്ലേറ്റുകൾ, ഐസ്‌ക്രീം ബൗളുകൾ എന്നിവയാണ് ഒഴിവാക്കിയിട്ടുള്ളത്.