തൃശൂർ: പൂരത്തിന് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രാഥമിക ആലോചനാ യോഗം ചേർന്നു. ആചാരക്രമങ്ങളിൽ യാതൊരു മാറ്റവും വരുത്തില്ല. എന്നാൽ പ്രായോഗിക തലത്തിൽ എല്ലാ വിഷയങ്ങളും പരിശോധിച്ച് ക്രോഡീകരിച്ച് സാങ്കേതിക, നിയമ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി യോഗങ്ങൾ ചേരും. കോടതി അംഗീകരിക്കുന്ന പുനക്രമീകരണം നടപ്പിലാക്കാൻ കഴിയുമെന്നാണ് കേന്ദ്രമന്ത്രി പങ്കുവച്ചത്.
വെടിക്കെട്ട് പ്രദർശനം, കാണികൾക്ക് വീക്ഷിക്കുന്നതിന് ഏർപ്പെടുത്തിയ ദൂരം, ആന എഴുന്നെള്ളത്ത്, വിവിധ ചടങ്ങുകൾ, പൊലീസ് നിയന്ത്രണം, ഗതാഗതം, വഴിയോര കച്ചവടം തുടങ്ങിയവ സംബന്ധിച്ച് ജില്ലാ ഭരണകൂടം, തിരുവമ്പാടി, പാറമേക്കാവ്, വടക്കുന്നാഥൻ ദേവസ്വം ഭാരവാഹികൾ, വെടിക്കെട്ട് ലൈസൻസികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് തേക്കിൻകാട് മൈതാനത്ത് കേന്ദ്രമന്ത്രിയും സംഘവും സന്ദർശനം നടത്തി.
അടുത്ത ജനുവരിയോടെ പൂരത്തിനായി രൂപരേഖ തയ്യാറാക്കുകയാണ് ലക്ഷ്യം. വിവരശേഖരണത്തിന്റെ ഭാഗമായാണ് യോഗം നടത്തിയതെന്നും റിപ്പോർട്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിന് സമർപ്പിക്കുമെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.
പി. ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ അർജുൻ പാണ്ഡ്യൻ, ഡിപ്പാർട്ട്‌മെന്റ് ഒഫ് പ്രമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ഡെപ്യൂട്ടി സെക്രട്ടറി ഭുവനേഷ് പ്രതാപ് സിംഗ്, വിശാൽ ത്രിപാദി, ചീഫ് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ്‌സ് പി. കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, എ.ഡി.എം: ടി. മുരളി, അസി. കളക്ടർ അതുൽ സാഗർ, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ പൂരം നടത്തിപ്പിൽ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നൽകി ക്രമീകരണങ്ങൾ പരിഷ്‌കരിച്ച് ജനസൗഹൃദമാക്കാൻ ശ്രമിക്കും. നവപൂരം നടത്തിപ്പാണ് ലക്ഷ്യം. നിലവിലുള്ള പ്രശ്‌നങ്ങൾ കൃത്യമായി ചർച്ച ചെയ്ത് പരിഹരിക്കും. അതേസമയം, നിയമങ്ങൾ അനുസരിച്ച്, ആചാരങ്ങൾ പാലിച്ച് പൂരം നടത്തിപ്പിന് പുതിയ രൂപരേഖ ഉണ്ടാക്കും.
- സുരേഷ് ഗോപി, മന്ത്രി
പെസോ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചാണ് പൂരം നടത്തിപ്പ് നിർവഹിച്ചിരുന്നത്. കൂട്ടായ ചർച്ചയിലൂടെ പൂരപ്രേമികൾക്ക് സുഗമമായി പൂരം വീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കാൻ സഹകരിക്കും
- കെ. രാജൻ, മന്ത്രി